സൗദിയിൽ മരണം കൂടുന്നു: രോഗബാധിതരും
Saturday, June 6, 2020 12:06 PM IST
റിയാദ്: തുടർച്ചയായി മരണനിരക്കും രോഗബാധിതരുടെ എണ്ണവും വർധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണത്തിനായുള്ള നിബന്ധനങ്ങൾ വീണ്ടും കര്ശനമാക്കേണ്ടി വരും എന്ന് സൗദി ആരോഗ്യ വകുപ്പ്. വെള്ളിയാഴ്ച സൗദിയിൽ 31 പേര് കൂടി മരിച്ചതോടെ മരണസംഖ്യ 642 ആയി. കർഫ്യു ഇളവുകൾ ആളുകൾ അശ്രദ്ധയോടെ ഉപയോഗപ്പെടുത്തുന്നതിനാലാണ് രോഗബാധ ഇത്രയധികമാകുന്നതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ 2591 പേർക്ക് കൂടി രോഗം ബാധിച്ചു ആകെ രോഗബാധിതരുടെ എണ്ണം 95,748 ആയതായും ആരോഗ്യവകുപ്പ് വാർത്താകുറിപ്പിൽ പറഞ്ഞു.

പുതിയതായി രോഗമുക്തി നേടിയവരുടെ എണ്ണം 1650 ആണ്. ഇപ്പോൾ ചികിത്സയിലുള്ളവർ 24491 പേരാണ്. ഇതിൽ 1412 അതീവ ഗുരുതരാവസ്ഥയിലാണ്. ജിദ്ദയിൽ 13 പേരും മക്കയിൽ 11 പേരും മദീനയിൽ മൂന്നും റിയാദ്, ദമ്മാം, തായിഫ്, ഹാഫർ അൽ ബാത്തിൻ എന്നിവിടങ്ങളിൽ ഓരോന്ന് വീതവുമാണ് കഴിഞ്ഞ 24 മണിക്കൂറിൽ മരണപ്പെട്ടത്. മക്കയിൽ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 259 ആയി. ജിദ്ദയിൽ 213 പേരും മരണത്തിന് കീഴടങ്ങി.

പുതിയ രോഗികളുടെ എണ്ണത്തിലും വിവിധ നഗരങ്ങളിൽ വർദ്ധനവ് രേഖപ്പെടുത്തി. റിയാദിൽ 719, ജിദ്ദ 459, മക്ക 254, ദമ്മാം 90, മദീന 129 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ പുതിയ രോഗികളുടെ എണ്ണം.

കർഫ്യു ഇളവ് നൽകി ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ട് വരുനന്തിന് അധികൃതർ നടത്തിയ ശ്രമം വിഫലമാക്കി കൊണ്ട് ആളുകൾ ദുരുപയോഗം ചെയ്ത സാഹചര്യത്തിൽ ജിദ്ദയിൽ ഇളവുകൾ അനുവദിച്ച സമയം വെട്ടിക്കുറച്ചു. ശനിയാഴ്ച മുതൽ കാലത്ത് 6 മുതൽ വൈകുന്നേരം 3 മണി ഏറെ മാത്രമാണ് പുറത്തിറങ്ങാൻ അനുമതി ഉണ്ടായിരിക്കുക. കർഫ്യു സമയത്ത് പുറത്തിറങ്ങാൻ പ്രത്യേക പാസ് ആവശ്യമാണ്. സർക്കാർ, സ്വകാര്യ മേഖലയിലെ ഓഫിസുകൾക്കും അടുത്ത 15 ദിവസത്തേക്ക് ജിദ്ദയിൽ പ്രവർത്തിക്കാൻ പാടില്ല. ജൂൺ 20 വരെ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാകും. ആഭ്യന്തര വിമാനസർവ്വീസും ഈ സമയത്ത് ഉണ്ടായിരിക്കില്ല.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ