റിയാദിൽ നിന്നുള്ള കെഎംസിസിയുടെ ആദ്യ ചാർട്ടേർഡ് വിമാനം കോഴിക്കോട്ടേക്ക് പറന്നു
Saturday, June 6, 2020 12:23 PM IST
റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ചാർട്ടേർഡ് വിമാനം കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വെള്ളിയാഴ്ച വൈകുന്നേരം പറന്നു. സപൈസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനമാണ് കുട്ടികളടക്കം 181 യാത്രക്കാരെയും വഹിച്ച് വെള്ളിയാഴ്ച വൈകിട്ട് ആറിനു റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് തിരിച്ചത്.

175 മുതിർന്നവരും ആറു കുട്ടികളുമാണ് റിയാദിൽ നിന്നുള്ള ആദ്യ ചാർട്ടേർഡ് വിമാനത്തിൽ യാത്ര പുറപ്പെട്ടത്. ഇതിൽ 82 പേർ ഗർഭിണികളൂം പതിനെട്ടോളം രോഗികളും ഉൾപ്പെടും. പ്രായം ചെന്നവരും വിസ തീർന്നവരും ആദ്യ വിമാനത്തിൽ ഇടം നേടിയിട്ടുണ്ട്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം പരിശോധനകൾ പൂർത്തിയാക്കിയാണ് യാത്രക്കാരെ അകത്തേക്ക് കയറ്റിയത്.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ചാർട്ടേർഡ് വിമാന സർവ്വീസ് ഒരുക്കിയത്. യാത്രക്കാരെല്ലാം ഉച്ചക്ക് ഒരു മണിയോടെ തന്നെ വിമാനത്താവളത്തിലെത്തി ചേർന്നു. വൈകീട്ട് അഞ്ച് മണിയോടെ മുഴുവൻ യാത്രക്കാരും എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി വിമാനത്താവാളത്തിനകത്ത് കയറി. യാത്രക്കാർക്ക് വേണ്ട സഹായങ്ങൾക്കായി റിയാദ് കെ.എം.സി.സി നേതാക്കളും വനിതാ കെഎംസിസി പ്രവർത്തകരും അക്ബർ ട്രാവൽസ് ജീവനക്കാരും രംഗത്തുണ്ടായിരുന്നു. മുഴുവൻ യാത്രക്കാർക്കും കെഎംസിസി പതിവ് പോലെ പി.പി.ഇ കിറ്റ് വിതരണം ചെയ്തു.
നേരത്തെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നും മുൻഗണനാലിസ്റ്റ് പ്രകാരമാണ് യാത്രക്കാരെ തെരഞ്ഞെടുത്തത്. അർഹതപ്പെട്ട നിരവധി പേർ ഇനിയും യാത്രാനുമതി പ്രതീക്ഷിച്ച് ഇവിടെ കഴിയുന്നുണ്ട്. അതിനാൽ അവരെയും നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി റിയാദിൽ നിന്നും കൂടുതൽ വിമാനങ്ങൾ അനുവദിച്ചു കിട്ടാനുള്ള ശ്രമത്തിലാണ് റിയാദ് കെ.എം.സി.സിയെന്ന് പ്രസിഡന്‍റ് സി.പി.മുസ്തഫ പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ ആശങ്കയും തൊഴിൽ പരമായ പ്രതിസന്ധിയും തളർത്തിയവരെ നാട്ടിലെത്തിക്കുന്നതിന് വന്ദേ ഭാരത് മിഷൻ പ്രഖ്യാപിച്ച വിമാനങ്ങൾ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് ചാർട്ടേർഡ് വിമാനങ്ങൾക്ക് വേണ്ടി കെ.എം.സി.സി ശക്തമായ ശ്രമം തുടങ്ങിയത്.

സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്‍റ് അഷ്റഫ് വേങ്ങാട്ട്, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സി.പി.മുസ്തഫ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സുബൈർ അരിമ്പ്ര, മുജീബ് ഉപ്പട, കബീർ വൈലത്തൂർ, നൗഷാദ് ചാക്കീരി, ഷാജി പരീത്, പി.സി മജീദ് മലപ്പുറം, സഫീർ തിരൂർ, ഹുസൈൻ കൊപ്പം, അൻവർ വാരം, ഫസലുറഹ്മാൻ കരുവാരക്കുണ്ട്, മുഹമ്മദ് കണ്ടകൈ, ജാബിർ വാഴമ്പ്രം, അബ്ദുൽ മജീദ് പരപ്പനങ്ങാടി, മുനീർ മക്കാനി, വനിതാ വിംഗ് ഭാരവാഹികളായ ജസീല മൂസ, ഫസ്ന ഷാഹിദ്, ഷഹർബാൻ മുനീർ, ഹസ്ബിന നാസർ, ഖമറുന്നീസ മുഹമ്മദ്, നുസൈബ മാമു എന്നിവരും അക്ബർ ട്രാവൽസ് റീജ്യണൽ മാനേജർ യൂനുസ് പടുങ്ങലും വിമാനത്താവളത്തിൽ യാത്രക്കാർക്ക് സഹായവുമായി രംഗത്തുണ്ടായിരുന്നു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ