റിയാദ് സാധാരണ നിലയിലേക്ക്: പുതിയ കോവിഡ് ബാധ 217 പേർക്ക് മാത്രം
Saturday, June 27, 2020 8:11 PM IST
റിയാദ്: തലസ്ഥാന നഗരിയിലെ ജനജീവിതത്തെ സാരമായി ബാധിച്ചുകൊണ്ട് ദിനേന ആയിരക്കണക്കിനു പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന റിയാദിൽ രോഗബാധയുടെ എണ്ണം ഗണ്യമായി കുറഞ്ഞു തുടങ്ങി. വെള്ളിയാഴ്ച 217 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ മരണപ്പെടുന്നവരുടെ എണ്ണത്തിൽ ആശങ്കയുയർത്തുന്നുണ്ട് .

റിയാദിൽ വെള്ളിയാഴ്ച മാത്രം 27 പേരാണ് മരണപ്പെട്ടത്. സൗദിയിൽ 46 പേർ കൂടി മരണപ്പെട്ടതോടെ ആകെ മരണം 1,474 ആയി. 1,74,577 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,20,471 പേരും സുഖം പ്രാപിച്ചു. 52,632 പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ 2,273 പേരുടെ നില ഗുരുതരമായി തുടരുന്നു. 3938 പേർക്ക് രാജ്യത്ത് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു.

റിയാദിന് പുറമെ ജിദ്ദ (4), മക്ക (2), മദീന (1), ഹൊഫൂഫ് (3), അൽ മുബറസ് (3), ദമ്മാം (2), ഖതീഫ് (1), തായിഫ് (2), മഹായിൽ (1) എന്നിവിടങ്ങളിലാണ് മറ്റ് മരണങ്ങൾ നടന്നത്. ഇതുവരെ 469 പേർ ജിദ്ദയിലും 397 പേർ മക്കയിലും 252 പേർ റിയാദിലും മരണപ്പെട്ടു. 14,56,241 പേർക്കാണ് ഇതുവരെ സൗദിയിൽ കോവിഡ് ടെസ്റ്റ് നടത്തിയിട്ടുള്ളത്.

പുതിയ രോഗികളുടെ എണ്ണത്തിൽ മറ്റു പ്രവിശ്യകളിലും കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ദമ്മാം 346, ഹൊഫൂഫ് 332, അൽ മുബറസ് 294, ഖമീസ് മുശൈത് 243, ജിദ്ദ 243, ഖതീഫ് 237, റിയാദ് 217, അൽ ഖോബാർ 205, മക്ക 184, തായിഫ് 157, മദീന 148, ഹഫർ അൽ ബാത്തിൻ 119, ഹായിൽ 100, നജ്റാൻ 86, ബുറൈദ 84, ദഹ്റാൻ 82, അബഹ 58, അഹദ് റുഫൈദ 42, ജുബൈൽ 40, മഹായിൽ 36, തബൂക് 32, ബിഷ 29, ജീസാൻ 28, ശറൂറ 28 എന്നിങ്ങനെയാണ് പുതിയ രോഗികൾ.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ