അസ്ട്രാസെനെക ഓക്സ്ഫോർഡ് രണ്ടാം ബാച്ച് കുവൈറ്റിലെത്തി
Sunday, April 4, 2021 3:16 PM IST
കുവൈത്ത് സിറ്റി : അസ്ട്രാസെനെക ഓക്സ്ഫോർഡിന്‍റെ രണ്ടാം ബാച്ച് കോവിഡ് വാക്സിൻ കുവൈത്തിലെത്തിയതായി ആരോഗ്യ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച എത്തുമെന്ന് കരുതിയ വാക്സിൻ ലോജിസ്റ്റിക് പ്രശ്‌നങ്ങളെ തുടര്‍ന്ന് വൈകുകയായിരുന്നു. വാക്സിനകളുടെ വരവ് കുറഞ്ഞത് രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗത കുറയ്ക്കുമെന്നും ജനങ്ങളുടെ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനെ വൈകിക്കാമെന്നും ആരോഗ്യ നിരീക്ഷകർ ഭയപ്പെടുന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജോൺസൺ ആന്‍ഡ് ജോൺസൺ, മോഡേണ വാക്സിനുകള്‍ കൂടി വരുന്നതോടെ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജ്ജിതമാകുമെന്നാണ് കരുതപ്പെടുന്നത്. കുവൈത്തിലേക്കുള്ള ആദ്യ കോവിഡ് കോവിഡ് വാക്സിൻ ബാച്ച് കുവൈത്തിലെത്തിയത് ഡിസംബര്‍ അവസാന വാരത്തിലായിരുന്നു. 1,50,000 ഫൈസര്‍ പതിേരാധ ഡോസ് വാക്‌സിന്‍ ഡോസുകളാണ് ആദ്യ ബാച്ചില്‍ രാജ്യത്തെത്തിയത്. ഇതുവരെയായി ഏഴു ലക്ഷത്തോളം പേർക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനിടെ സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള രാജ്യത്തെ എല്ലാ പൗരൻമാരും വാക്സിൻ രജിസ്ട്രേഷന് മുന്നോട്ടുവരണമെന്നും ഭൂരിഭാഗം പേരും കുത്തിവെപ്പ് എടുക്കുന്നതിലൂടെ മാത്രമേ കോവിഡിനെ പ്രതിരോധിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും ആരോഗ്യ വൃത്തങ്ങള്‍ വ്യക്തമാക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ