ഇന്ത്യയ്ക്ക് സഹായഹസ്തവുമായി കുവൈറ്റിന്‍റെ ആദ്യ വിമാനം പുറപ്പെട്ടു
Friday, April 30, 2021 6:02 PM IST
കുവൈറ്റ് സിറ്റി : രണ്ടാം ഘട്ട കോവിഡ് വ്യാപനത്തെ തുടർന്ന് സ്ഥിതി അതീവ രൂക്ഷമായ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി കുവൈറ്റിൽനിന്നുള്ള ആദ്യ വിമാനം പുറപ്പെട്ടതായി കുവൈറ്റ് അംബാസഡർ ജാസിം അൽ നാജിം അറിയിച്ചു.

ഓക്സിജൻ കോൺ‌സൻ‌ട്രേറ്ററുകൾ, വെന്‍റിലേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, മറ്റു ചികിത്സാ ഉപകരണങ്ങൾ തുടങ്ങി ഇന്ത്യയിലെ ആശുപത്രികളിൽ നിലവിൽ ക്ഷാമമുള്ള വസ്തുക്കളാണ് എത്തിക്കുന്നതെന്ന് ജാസിം അൽ നജീം വ്യക്തമാക്കി .

ദുരിതം അകറ്റുന്നതിന് ഇന്ത്യയുമായി യോജിച്ച് പ്രവർത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ദുരന്ത നിവാരണ വസ്തുക്കൾ എത്തിക്കുന്നത്. കഴിഞ്ഞ വർഷം കോവിഡ് പ്രതിസന്ധിയുടെ തുടക്ക കാലത്ത് ഇന്ത്യ കുവൈറ്റിലേക്ക് മെഡിക്കൽ സംഘത്തെ അയച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ കുവൈറ്റ് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇന്ത്യയ്ക്ക് ഐക്യദാർഢ്യം അറിയിച്ചത് സ്ഥാനപതി അനുസ്മരിച്ചു.

ഇന്ത്യയിലേക്ക് അടിയന്തര സഹായം എത്തിക്കാൻ കുവൈത്ത് മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.

റിപ്പോർട്ട്: സലിം കോട്ടയിൽ