കുവൈറ്റിൽ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്
Friday, April 30, 2021 6:09 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ജൂൺ അവസാനമോ ജൂലൈ ആദ്യമോ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്ന് ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു.

കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പ് പ്രചാരണം രാജ്യത്ത് ത്വരിതപ്പെടുത്തുന്നതിനാൽ വാക്സിന്‍ പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ ചെയ്യുന്ന ആളുകളുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണ്. ഫൈസർ വാക്സിൻ ബാച്ചുകള്‍ കൃത്യ സമയത്ത് എത്തുന്നത് വാക്സിന്‍ നല്‍കുന്നതിന്‍റെ വേഗത വര്‍ധിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. ഇതിനകം രാജ്യത്ത് എത്തേണ്ട ഓക്സ്ഫോർഡ് വാക്സിനുകളുടെ മൂന്നാമത്തെ ബാച്ച് അടുത്തു തന്നെ എത്തുമെന്നാണ് കരുതുന്നത്. ആഗോള തലത്തിലെ ഏറ്റവും പുതിയ ഗവേഷണ ശിപാർശകള്‍ അനുസരിച്ച് ഒന്നും രണ്ടും വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള നീട്ടുന്നത് സജീവമായി പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്ത് ഫൈസർ വാക്സിന് 21 ദിവസവും ഓക്സ്ഫോർഡ് വാക്സിന് 3 മാസവുമാണ് രണ്ടാം ഡോസിനായി ഇടവേള നല്‍കുന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ