ഇന്ത്യൻ എംബസി ബിസിനസ് ഡയറക്ടറി പുറത്തിറക്കുന്നു
Sunday, May 16, 2021 5:15 PM IST
കുവൈറ്റ് സിറ്റി: ഇന്ത്യൻ ബിസിനസ് നെറ്റ് വർക്കുമായി സഹകരിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യൻ ബിസിനസ് ഡയറക്ടറി പുറത്തിറക്കുന്നു. മേയ് 18 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ഇന്ത്യൻ എംബസിയിൽ നടക്കുന്ന ചടങ്ങിൽ അംബാസഡർ സിബി ജോർജ് ഡയറക്ടറി പ്രകാശനം ചെയ്യും. പ്രധാന ഇന്ത്യൻ ബിസിനസ് സംരംഭങ്ങളെയും സംരംഭകരെയും ഡയറക്ടറിയിലൂടെ പരിചയപ്പെടുത്തും .ഇന്ത്യൻ ബിസിനസ് സമൂഹത്തെയും കുവൈത്തിനെയും ബന്ധിപ്പിക്കാനും സുസ്ഥിരവും ദീർഘകാലം നിലനിൽക്കുന്നതുമായ പരസ്പര ബന്ധം കെട്ടിപ്പടുക്കാനും ലക്ഷ്യമിട്ടാണ് നേരത്തേ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ബിസിനസ് നെറ്റ്വർക്ക് രൂപവത്കരിച്ചത്.

ഇന്ത്യൻ ബിസിനസ് നെറ്റ് വർക്ക് രൂപവത്കരിച്ചതിന്‍റെ തുടര്‍നടപടികളുടെ ഭാഗമായി മാസത്തിൽ ഇന്ത്യ ബിസിനസ് ബുള്ളറ്റിൻ പുറത്തിറക്കുന്നുണ്ട്. ഇന്ത്യയിലെ ബിസിനസ് നിക്ഷേപം, വ്യാപാര മേഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രസക്തമായ മാധ്യമ അപ്‌ഡേറ്റുകളുടെ സമാഹരമാണ് ഇന്ത്യ ബിസിനസ് ബുള്ളറ്റിന്‍.വ്യാപാരം, ടൂറിസം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബിസിനസ് ബന്ധം പ്രോത്സാഹിപ്പിക്കാനായി എംബസി സംഘടിപ്പിച്ച പരിപാടികളുടെ വിവരങ്ങളും ഇതിലുണ്ടാകും. https://indembkwt.gov.in/india-bulletin.php എന്ന ലിങ്കില്‍ ബുള്ളറ്റിന്‍ ലഭിക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ