ദുബായ് അർബൻ പ്ലാൻ 2040- എമിറേറ്റിന്‍റെ മുഖച്ഛായ മാറ്റുന്ന പദ്ധതി നടപ്പാക്കുന്നു
Monday, May 17, 2021 12:07 PM IST
ദുബായ് : ദുബായ് എമിറേറ്റിലെ 55 ശതമാനം താമസക്കാരെയും മെട്രോ സ്റ്റേഷനുകളുടെ 800 മീറ്റർ പരിധിക്കുള്ളിലേക്കു കൊണ്ട് വരുന്ന നഗരാസൂത്രണ പദ്ധതിക്ക് തുടക്കമായി. ദുബായ് അർബൻ പ്ലാൻ 2040 എന്ന പദ്ധതിയിലൂടെയാണ് എമിറേറ്റിന്‍റെ മുഖച്ഛായ മാറ്റുന്ന പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്.

പൊതുഗതാഗത സംവിധാനങ്ങളെ പൂർണ്ണമായും ഉപയോഗപ്പെടുത്തിയുള്ള സുഗമമായ ഗതാഗതം ഉറപ്പു വരുത്തുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്യപ്പെടുന്നതെന്നു ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി വക്താവ് വ്യക്തമാക്കി . ട്രാൻസിറ്റ് ഓറിയന്‍റഡ് ഡെവലപ്പ്മെന്റ് എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ നഗരാസൂത്രണത്തിലൂടെ എമിറേറ്റിലെ പകുതി ജനസംഖ്യ മെട്രോയുടെ അടുത്ത പരിസരങ്ങളിലേക്കു താമസം മാറ്റുന്ന രീതിയാകും നടപ്പിലാക്കുക. പൊതു സ്വകാര്യ മേഖലകളുടെ സംയുക്ത സംരംഭങ്ങൾക്ക് സർക്കാരിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് നൽകി പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. കോവിഡിന് മുൻപുള്ള പൊതുഗതാഗത യാത്രക്കാരുടെ എണ്ണം തിരിച്ചു കൊണ്ട് വരുന്നതിൽ ലോകത്തു ഏറ്റവും വേഗതയിൽ പുരോഗമിച്ച നഗരമാണ് ദുബായ് എന്ന് ആർ ടി എ ഡയറക്ടർ ജനറൽ മറ്റാര് മുഹമ്മദ് അൽ തയ്യബ് അറിയിച്ചു.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള