യുഎഇയിൽ 12 മുതൽ 15 വയസവരെ പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകണമെന്ന്
Monday, May 17, 2021 12:17 PM IST
ദുബായ് : യുഎഇയിൽ 12 മുതൽ 15 വയസവരെ പ്രായമുള്ളവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകണമെന്ന് ആരോഗ്യ വിദഗ്ധർ അഭ്യർഥിച്ചു. 12 മുതൽ 15 വയസുവരെ പ്രായമുള്ളവർക്ക് ഫൈസർ ബയോടെക് വാക്സിൻ വിതരണം ചെയ്യുന്നതിന് യുഎഇ ആരോഗ്യമന്ത്രാലയം അനുമതി നൽകിയതിനെ തുടർന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം.

ഇതുവരെ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് യുഎഇയിൽ കോവിഡ് വാക്സിനേഷൻ സ്വീകരിക്കാൻ അനുമതി നൽകിയിരുന്നില്ല. പ്രാദേശികമായി ക്ലിനിക്കൽ ട്രയലുകൾ നടത്തി കൃത്യമായി നിരീക്ഷണം നടത്തിയശേഷമാണ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്നതെന്ന് മന്ത്രാലയം അറിയിച്ചു. കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. അബുദാബി ആരോഗ്യ വകുപ്പ്, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ, ദുബായ് ഹെൽത്ത് അതോറിറ്റി എന്നിവ സംയുക്തമായി എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകി വരികയാണ്. രക്ഷിതാക്കൾക്ക് ഇന്നു മുതൽ റജിസ്റ്റർ ചെയ്യാമെന്നും അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള