ഷര്‍ഖ് മാർക്കറ്റിൽ ലേലം ആരംഭിക്കുന്നു
Tuesday, August 3, 2021 8:53 PM IST
കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തെ തുടർന്ന് അടിച്ചിട്ട ഷർഖ് മത്സ്യ മാർക്കറ്റ് ഓഗസ്റ്റ് എട്ട് ( ഞായർ) മുതൽ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കൊറോണ പ്രതിദിന കേസുകള്‍ ഗണ്യമായി കുറയുന്നതിനെ തുടര്‍ന്നാണ് ലേല നടപടികള്‍ പുനരാരംഭിക്കുവാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയത്.

അതേസമയം വാക്സിന്‍ സ്വീകരിച്ച ആളുകള്‍ക്കു മാത്രമേ ലേലത്തില്‍ പങ്കെടുക്കുവാന്‍ അർഹതയുള്ളൂ. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ കോവിഡ് സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. മത്സ്യ മാർക്കറ്റിലെ ലേലം നിർത്തിവച്ചത് വിപണിയില്‍ വന്‍ നഷ്ടത്തിന് കാരണമായതായും പുതിയ തീരുമാനം കൂടുതൽ പ്രാദേശിക മത്സ്യം ലഭിക്കുന്നതിനും കുതിച്ചുയർന്ന മത്സ്യ വില പിടിച്ചുനിർത്തുന്നതിനും സഹായകരമാകുമെന്ന് ഫിഷ്‌ മാര്‍ക്കറ്റിലെ വ്യാപാരികള്‍ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ