എസ്എംസിഎ കുവൈറ്റ് വെബിനാർ സംഘടിപ്പിച്ചു
Wednesday, August 4, 2021 11:04 PM IST
കുവൈറ്റ്: ഭാരതം സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വർഷത്തിലേക്കു കടക്കുന്ന അവസരത്തിൽ തന്‍റെ മക്കളിൽ ന്യൂനപക്ഷമായവർക്കുവേണ്ടി ആ അമ്മ ഒരുക്കിയിരിക്കുന്ന ക്ഷേമ പദ്ധതികളെ കുറിച്ച് കൂടുതൽ അറിയുവാനുള്ള അവസരം ഉണ്ടാവുന്നത് എന്തുകൊണ്ടും കാലിക പ്രസക്തിയുള്ളതും നല്ല ഭാവിയുടെ വഴി തുറക്കുന്നതുമാണെന്ന് റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു.

എസ്എംസിഎ കുവൈറ്റ് സംഘടിപ്പിച്ച ഇന്ത്യൻ ഭരണഘടനയും ന്യൂനപക്ഷ ക്ഷേമവും എന്ന വിഷയത്തിലെ വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എംസിഎ പ്രസിഡന്‍റ് ബിജോയ് പാലാക്കുന്നേൽ അധ്യക്ഷനായിരുന്നു. അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, അമൽ സിറിയക് എന്നിവർ ക്ലാസുകൾ നയിച്ചു.

ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷൻ മുൻപാകെ സമർപ്പിക്കേണ്ട ഇരുപതിന ക്രൈസ്തവ ന്യുനപക്ഷാവകാശ രേഖ എസ്എംസിഎ ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ അവതരിപ്പിച്ചു. കുവൈറ്റിലെ വിവിധ ക്രിസ്തീയ സഭകളിനിന്നുള്ള അത്മായ നേതാക്കൾ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബൽ സെക്രട്ടറി മനോജ് ആന്‍റണി മോഡറേറ്റർ ആയിരുന്നു. ഗ്ലോബൽ വൈസ് പ്രസിഡന്‍റ് സുനിൽ റാപ്പുഴ ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു. പ്രവാസികളായ ക്രൈസ്തവർക്ക് ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ സംബന്ധിച്ചുള്ള പല സംശയങ്ങളും തെറ്റിദ്ധാരണകളും ദുരീകരിക്കുന്നതിനു ക്ലാസുകളും ചർച്ചകളും ഇടയാക്കി. ഫഹാഹീൽ ഏരിയ നേതൃത്വം നൽകിയ വെബിനാർ ആരംഭിച്ചത് ജനറൽ കണ്‍വീനർ ജോഷ്വാ ചാക്കോയുടെ ആമുഖ പ്രസംഗത്തോടെയാണ്. വൈസ് പ്രസിഡന്‍റ് ഷാജി മോൻ ഏരെത്ര ഏരിയ സെക്രട്ടറി അജോഷ് ആന്‍റണി, ഏരിയ ട്രഷറർ തോമസ് ആന്‍റണി, ജോസഫ് കോട്ടൂർ മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. എസ്എംസിഎ ട്രഷറർ സാലു പീറ്റർ നന്ദി രേഖപ്പെടുത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ