കുവൈറ്റില്‍ പ്രതിദിനം ഒരു ലക്ഷം വാക്സിനേഷൻ നൽകുന്നതായി ആരോഗ്യ മന്ത്രി
Thursday, August 5, 2021 4:28 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് പ്രതിദിനം ഒരു ലക്ഷത്തോളം വാക്സിനേഷൻ നൽകുന്നതായി ആരോഗ്യ മന്ത്രി ഡോ. ബേസിൽ ഹമൂദ് അൽ സബാഹ് വ്യക്തമാക്കി.ഇന്നലെ നടന്ന മന്ത്രിസഭ യോഗത്തില്‍ രാജ്യത്തെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കേവിഡ് കേസുകള്‍ കുറഞ്ഞുവരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ ലഭിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുറയുന്നതും ആശാവഹമായ കാര്യമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. രാജ്യത്തെ വാക്സിനേഷന്‍ കാമ്പയിനും ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. എല്ലാ ആഴ്ചയിലും ഫൈസര്‍ വാക്സിന്‍ എത്തുന്നതും ഓക്സ്ഫോര്‍ഡ് ആസ്ട്രാന്നിക്കയുടെ ലഭ്യത കൂടിയതും പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളുടെ ശേഷി വർദ്ധിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത മാസത്തോടെ മുഴുവന്‍ ആളുകള്‍ക്കും ആദ്യ ഡോസ് വാക്സിനേഷന്‍ നല്‍കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. ബേസിൽ ഹമൂദ് അൽ സബാഹ് പറഞ്ഞു.

റിപ്പോർട്ട് സലിം കോട്ടയിൽ