കുവൈറ്റിൽ ക്വാറന്‍റൈൻ നടപടികള്‍ പരിഷ്കരിച്ചു
Tuesday, January 11, 2022 7:14 PM IST
കുവൈറ്റ് സിറ്റി :രാജ്യത്തെ ക്വാറന്‍റൈൻ ന‌ടപടികൾ പരിഷ്കരിച്ച് ആരോഗ്യ മന്ത്രാലയം പുതിയ ഉത്തരവിറക്കി. കഴിഞ്ഞ ദിവസങ്ങളില്‍ അണുബാധ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ്‌ പ്രൊട്ടോക്കോളില്‍ മാറ്റം വരുത്തിയത്.

പുതിയ നിര്‍ദ്ദേശമനുസരിച്ച് കോവിഡ് സ്ഥിരീകരിച്ചയാളുമായി നേരിട്ട് ഇടപെട്ടവര്‍ ക്വാറന്‍റൈനിൽ പ്രവേശിക്കണം. വാക്സിന്‍ സ്വീകരിക്കാത്തവര്‍ 14 ദിവസവും സ്വീകരിച്ചവര്‍ക്ക് ഏഴ് ദിവസം കഴിഞ്ഞ് പിസിആര്‍ പരിശോധന നെഗറ്റീവ് ആയാല്‍ ക്വാറന്‍റൈൻ അവസാനിപ്പിക്കാം.

കോവിഡ് ബാധിച്ചവരുടെ ക്വാറന്‍റൈനിലും വാക്സിന്‍ സ്വീകരിച്ചവര്‍ക്കും സ്വീകരിക്കാത്തവര്‍ക്കും കാലയളവ് വ്യത്യാസമുണ്ട്. വാക്സിനേഷൻ പൂർത്തിയാക്കിയവരുടെ ഐസോലേഷൻ കാലയളവ് 7 ദിവസമായും അല്ലാത്തവരുടെത്‌ 10 ദിവസമായുമാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

ശാരീരിക അസ്വസ്ഥതയുള്ളവര്‍ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും രോഗലക്ഷണങ്ങൾ തുടരുകയോ തീവ്രമാകുകയോ ചെയ്യുന്ന സാഹചര്യത്തിൽ വൈദ്യോപദേശമോ സഹായമോ തേടണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു.

സലിം കോട്ടയിൽ