സ്വദേശീവൽക്കരണം ശക്തമാക്കാൻ ഒരുങ്ങി യു എ ഇ
Wednesday, May 11, 2022 4:41 PM IST
അനിൽ സി ഇടിക്കുള
അബുദാബി : സ്വകാര്യ മേഖലയിലും സ്വദേശീവൽക്കരണം ശക്തമാക്കാൻ ഒരുങ്ങുകയാണ് യു എ ഇ. നിലവിലുള്ള 2 ശതമാനം എന്നത് അടുത്ത നാലു വർഷത്തിനുള്ളിൽ 10 ശതമാനം എന്ന നിലയിലേക്ക് ഉയർത്താനാണ് പുതിയ തീരുമാനം.

അന്താരാഷ്ട്ര തലത്തിൽ പ്രൊഫഷണല്സിനെ യു എ ഇ യിലേക്ക് ആകര്ഷിക്കുമ്പോഴും യു എ ഇ സ്വദേശികളുടെ ജോലി സ്ഥിരത ഉറപ്പുവരുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നടപടികളാണ് യു എ ഇ സർക്കാർ ആവിഷ്ക്കരിക്കുന്നത് . സ്വദേശീവൽക്കരണം സംബന്ധിച്ച് യു എ ഇ മന്ത്രിസഭ എടുത്ത തീരുമാനങ്ങൾ സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.

നിലവിലുള്ള 2 ശതമാനം സ്വദേശീവൽക്കരണം 2026 ആകുമ്പോഴേക്കും 10 ശതമാനം എന്ന നിലയിൽ എത്തിക്കും. 50 ജീവനക്കാരിൽ കൂടുതൽ ഉള്ള കമ്പനികൾക്കാണ് ഇത് ബാധകമാകുന്നത്. ഇതനുസരിച്ച് പ്രതിവർഷം 12000 ജോലികൾ സ്വദേശികൾക്ക് ലഭ്യമാകും. സ്വദേശീവൽക്കരണം നിശ്ചിത എണ്ണത്തിൽ അധികമായി വർധിപ്പിച്ച സ്ഥാപനങ്ങൾക്ക് മന്ത്രാലയ നിരക്കുകളിൽ 80 ശതമാനം വരെ ഇളവ് നൽകും.

എന്നാൽ ലക്‌ഷ്യം പൂർത്തീകരിക്കാത്ത കമ്പനികൾ പിഴ നൽകേണ്ടി വരും. സ്വദേശികളെ നിയമിക്കാത്ത ഓരോ ജോലിക്കും ഓരോ മാസം 6000 ദിർഹം വീതമാണ് പിഴ നൽകേണ്ടത്. സ്വദേശികൾക്ക് ശമ്പളത്തിന് പുറമെ സർക്കാർ പ്രത്യേക അലവൻസ് നൽകും. പെൻഷൻ പദ്ധതിയിലും ആനുകൂല്യം നൽകും. ജീവനക്കാരുടെ കുട്ടികൾക്ക് ഒരു കുട്ടിക്ക് 800 ദിർഹം എന്ന നിലയിലുള്ള വിദ്യാഭ്യാസ അലവൻസും നല്കാൻ തീരുമാനിച്ചിട്ടുണ്ട്.