മലയാളം ക്ലാസുകൾക്ക് തുടക്കമായി
Monday, July 22, 2024 5:03 PM IST
അനിൽ സി.ഇടിക്കുള
അബുദാബി: വേനലവധി കാലത്തോട് അനുബന്ധിച്ച് അബുദാബി മാർത്തോമ്മാ ഇടവകയുടെ നേത്യത്വത്തിൽ നടത്തി വരുന്ന മലയാളം ക്ലാസുകൾക്ക് തുടക്കമായി.

ഇടവക അസി. വികാരി. റവ. ബിജോ. എബ്രഹാം. തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇടവക വികാരി റവ. ജിജോ. സി. ഡാനിയൽ ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു.

കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിലെ നാടക അധ്യാപകനും ദ ആര്‍ട്ട് സ്പെയ്സ് സെന്‍റർ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സിന്‍റെ ഡയറക്ടറുമായ സതീഷ് ജി. നായർ ആദ്യ ദിനത്തിൽ മലയാളം ക്ലാസുകൾക്ക് നേത്യത്വം നൽകി.

നൂറോളം കുട്ടികൾ ആണ് ക്ലാസിൽ പങ്കെടുക്കാനായി ആദ്യ ദിനത്തിൽ എത്തിയത്. കുട്ടികളിലെ മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിനും മാതൃഭാഷയോടുള്ള സ്നേഹം വർധിപ്പിക്കുന്നതിനുമായി തികച്ചും വ്യത്യസ്തമായ പഠനരീതിയാണ് മലയാളം ക്ലാസുകൾക്കായി രൂപകല്പന ചെയ്തിട്ടുള്ളത്.


പഠന യാത്രകൾ, വയലും വീടും, അക്ഷരമാല, കളിയും ചിരിയും, സാഹിത്യ കളരി എന്നിവയെല്ലാം ക്ലാസുകളുടെ ഭാഗമാണ്. "മരം ഒരു വരം വനം ഒരു ധനം, നമുക്ക് നട്ട് വളർത്താം നാളെ‌യ്ക്കായി' എന്നതാണ് ഈ വർഷത്തെ ചിന്താ വിഷയം.

ഉദ്ഘാടന സമ്മേളനത്തിൽ ജോസഫ് മാത്യു, മാത്യു എബ്രഹാം, റോജി മാത്യു, ആശ ജോയ്, ആൻ എലിസബത്ത് ഷാജി എന്നിവർ പ്രസംഗിച്ചു.