സാൽവയിൽ റോബോട്ടിക് ഫുട്ബാൾ മത്സരവുമായി ശാസ്ത്രോത്സവ് എട്ടിന്
Tuesday, December 5, 2017 2:25 PM IST
കുവൈത്ത്: എൻഎസ്എസ് കോളജ് ഓഫ് എൻജിനിയറിംഗ് പാലക്കാട് പൂർവ വിദ്യാർഥി സംഘടനയുടെ കുവൈത്തു ചാപ്റ്ററും ഇന്ത്യൻസ് ഇൻ കുവൈത്ത്. കോം വെബ് പോർട്ടലും ചേർന്ന് നടത്തുന്ന ശാസ്ത്രോൽസവ് (ഫെസ്റ്റിവൽ ഓഫ് സയൻസ്) ന്‍റെ എട്ടാമത് എഡിഷൻ ഡിസംബർ എട്ടിന് (വെള്ളി) സാൽവയിലെ സുമറാദോ ഹാളിൽ നടക്കും.

രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനുശേഷം കുവൈത്തിലെ 17 ഇന്ത്യൻ സ്കൂളുകളിലെ ജൂണിയർ, സീനിയർ വിദ്യാർഥികൾ പങ്കെടുക്കുന്ന ശാസ്ത്ര പ്രദർശന മത്സരം നടക്കും. ഒപ്പം പൊതു സമൂഹത്തിലെ കുട്ടികൾക്ക് വേണ്ടി ഓപ്പണ്‍ കാറ്റഗറിയിൽ നടത്തപ്പെടുന്ന ശാസ്ത്ര പ്രദർശന മത്സരത്തിൽ 15 ടീമുകളും പങ്കെടുക്കും. കുവൈത്ത് എൻജിനിയേഴ്സ് അസോസിയേഷനിലെ 8 പൂർവ വിദ്യാർഥി സംഘടനകളിൽ നിന്നുള്ള ടീമുകൾക്കുവേണ്ടിയും ശാസ്ത്ര പ്രദർശന മത്സരം നടക്കും.

അമേരിക്കൻ സൊസൈറ്റി ഓഫ് സേഫ്റ്റി എൻജിനിയേഴ്സും ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഇന്ത്യയുടെ കുവൈത്തു ചാപ്റ്ററും ശാസ്ത്ര പ്രദർശന സ്റ്റാളുമായി ശാസ്ത്രോൽസവ് വേദിയിൽ എത്തുന്നു. ഒപ്പം 87 കുട്ടികൾ പങ്കെടുക്കുന്ന റുബിക്സ് ക്യൂബ് സോൾവിംഗ് മത്സരവും നടക്കും.

കുവൈത്തിൽ ആദ്യമായി നടത്തപ്പെടുന്ന റോബോട്ടിക് ഫുട്ബോൾ മത്സരം ഇത്തവണത്തെ ശാസ്ത്രോത്സവത്തിന്‍റെ പ്രത്യേകതയാണ്. ഏഴോളം ടീമുകൾ അവരുടെ റോബോട്ടുകളുമായി മത്സരത്തിൽ പങ്കെടുക്കും.

വൈകുന്നേരം നടക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നുള്ള പ്രമുഖ സംഖ്യാശാസ്ത്ര വിദദ്ധനും വിദ്യാഭ്യാസ പ്രവർത്തകനുമായ ആനന്ദ് കുമാർ പങ്കെടുക്കും. ലോകത്തിലെ പല പ്രമുഖ സർവകലാശാലകൾ ആദരിച്ചിട്ടുള്ള അദ്ദേഹത്തെ കുറിച്ചുള്ള ഒരു സിനിമ പ്രമുഖ ഹിന്ദി നടൻ ഋതിക് റോഷൻ നായകനായി ഇറങ്ങാനിരിക്കുന്നു. ശാസ്ത്രോൽസവവേദിയുടെ മറ്റൊരാകർഷണ കേന്ദ്രം ടീം ഇൻഡസ് നടത്തുന്ന ഹർ ഇന്ത്യൻ കാ മൂണ്‍ ഷോട്ട് (ഓരോ ഭാരതീയന്‍റെയും ചന്ദ്ര യാത്ര) എന്ന പ്രദർശനമാണ്.

ഗൂഗിൾ നടത്തുന്ന “ലാൻഡ് എ റോവർ ഇൻ മൂണ്‍”എന്ന ഒരു അന്താരാഷ്ട്ര മത്സരത്തിലെ അവസാന റൗണ്ടിൽ എത്തിയ ലോകത്തിലെ അഞ്ചു ടീമുകളിൽ ഒന്നാണ് ഇന്ത്യയിൽ നിന്നുള്ള ടീം ഇൻഡസ്. 30 മില്യണ്‍ അമേരിക്കൻ ഡോളർ സമ്മാനത്തുകയായി നിശ്ച്ചയിച്ചിട്ടുള്ള ഈ മത്സരപ്രകാരം 2018 മാർച്ചിന് മുന്പ് ഒരു റോവറിനെ മത്സരാർഥികൾ ചന്ദ്രനിൽ എത്തിച്ച് അര കിലോമീറ്റർ ഓടിച്ചു അവിടെ നിന്നുള്ള ചിത്രങ്ങൾ ഭൂമിയിലേക്ക് അയയ്ക്കണം. ഒപ്പം ശാസ്ത്രോത്സവ വേദിയിൽ “റോബോകാർട്ട്” എന്ന ഇന്ത്യൻ സ്ഥാപനംനടത്തുന്ന ഒരു റോബോട്ടിക് പ്രദർശനവും മത്സര വിജയികൾക്കുള്ള സമ്മാന ദാനവും ഉണ്ടായിരിക്കും. ശാസ്ത്രോത്സവവേദിയിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

പത്രസമ്മേളനത്തിൽ ശാസ്ത്രോൽസവ് കമ്മിറ്റി കണ്‍വീനർ ജിജോ അഗസ്റ്റിൻ, പൂർവ വിദ്യാർഥി സംഘടനയുടെ കുവൈത്ത് ചാപ്റ്റർ പ്രസിഡന്‍റ് വിജു സെബാസ്റ്റ്യൻ വിവിധ കമ്മിറ്റി കണ്‍വീനർമാരായ സുനിൽ ജേക്കബ്, വിനോദ് എ.പി. നായർ, കാർത്തികേയൻ രാമകൃഷ്ണൻ, മുഹമ്മദ് അഷ്റഫ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ