നീണ്ട 12 വർഷങ്ങൾക്കു ശേഷം അവർ വേദി പങ്കിട്ടു, പൊതുശത്രുവിനെ തോല്പിക്കാൻ
Saturday, October 20, 2018 9:28 PM IST
ബംഗളൂരു: നീണ്ട പന്ത്രണ്ടു വർഷങ്ങൾക്കു ശേഷം ജെഡി-എസ് ദേശീയധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയും ഒരു വേദി പങ്കിട്ടു. വരുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിന്‍റെ വിജയം ഉറപ്പിക്കാനായാണ് ഇരുനേതാക്കളും ബംഗളൂരുവിൽ സംയുക്ത വാർത്താസമ്മേളനം വിളിച്ചുചേർത്തത്. ബിജെപി സഖ്യസർക്കാരിന്‍റെ മാത്രം പൊതുശത്രുവല്ല, രാജ്യത്തെ മുഴുവൻ ജനാധിപത്യ, മതേതര ശക്തികളുടെയുമാണെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

സിദ്ധരാമയ്യയും താനും പന്ത്രണ്ടുവർഷത്തിനു ശേഷം ഒരേ വേദി പങ്കിട്ടത് സഖ്യസർക്കാരിന്‍റെ മാത്രം വിജയത്തിനല്ല, ബിജെപി സർക്കാരിന്‍റെ വികല നയങ്ങൾ മൂലം പ്രശ്നങ്ങൾ നേരിടുന്ന രാജ്യത്തിന്‍റെ മുഴുവൻ താത്പര്യങ്ങൾക്കുമാണെന്നും ദേവഗൗഡ പറഞ്ഞു. തങ്ങളുടെ പഴയ വേർതിരിവുകൾ തങ്ങൾ മറന്നുകഴിഞ്ഞെന്നും ഒരുമിച്ച് പ്രവർത്തിച്ചുകൊണ്ട് സഖ്യകക്ഷിക്ക് ജനങ്ങളുടെ അനുഗ്രഹം തേടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു, മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, ജലവിഭവമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരും സംയുക്ത വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.