ബ്രിസ്കയുടെ വിന്‍റർ ഗാതറിംഗ് ഡിസംബർ ഒന്നിന്
Thursday, November 15, 2018 10:19 PM IST
ബ്രിസ്റ്റോൾ: നന്മയുടെ തിളക്കമുള്ള ഒരു ഒത്തുകൂടലിനുള്ള മുന്നൊരുക്കത്തിലാണ് ബ്രിസ്ക അംഗങ്ങൾ. ഡിസംബർ ഒന്നിന് സംഘടിപ്പിക്കുന്ന വിന്‍റർ ഗാതറിംഗിന് ഇക്കുറി അങ്ങിനെയൊരു മേ· കൂടി എടുത്ത് പറയാനുണ്ട്. മലയാളികളിലേക്ക് സഹായ ഹസ്തം നീട്ടുകയാണ് ബ്രിസ്ക. ബ്രിട്ടനിൽ താമസിച്ചു ജോലി ചെയ്യുന്ന മലയാളി സമൂഹം മലയാളികളോട് കാണിക്കുന്ന അകമഴിഞ്ഞ സ്നേഹം നമ്മൾ ഓരോ നിമിഷവും തിരിച്ചറിയുന്നതാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ പ്രളയജലം കേരളത്തെ ദുരിതത്തിൽ മുക്കിയപ്പോൾ കൈമെയ് മറന്നു ഒത്തുചേർന്ന മലയാളികളുടെ കൂട്ടത്തിൽ ബ്രിട്ടനിലെ മലയാളി സമൂഹം നൽകിയ സംഭാവനയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചവരാണ് ബ്രിസ്ക അംഗങ്ങൾ.

സൗത്ത്മീഡ് കമ്മ്യൂണിറ്റി ഹാളിൽ ഡിസംബർ 1 വൈകുന്നേരം 5 മുതൽ 8 വരെ നടക്കുന്ന സായാഹ്ന ഒത്തുചേരലിൽ എല്ലാ ബ്രിസ്ക അംഗങ്ങളും പങ്കുചേർന്നു പരിപാടി വൻവിജയമാക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. മലയാളികളുടെ വേദന ഉൾക്കൊണ്ട് ഓണഘോഷങ്ങൾ ബ്രിസ്ക ഉപേക്ഷിച്ചു. ആഘോഷങ്ങൾ ചുരുക്കി ഒത്തുചേർന്നു നടത്തിയ ധനസമാഹരത്തിലൂടെ തീർത്തും അപ്രതീക്ഷിതമായ ഒരു തുക തന്നെ കേരളത്തിനായി കൈമാറാൻ ബ്രിസ്കയ്ക്ക് കഴിഞ്ഞതിന്‍റെ അഭിമാനത്തിലാണ് ഓരോ അംഗങ്ങളും.

മലയാളികൾക്ക് തീരാ നഷ്ടമായി കടന്നുപോയ ബാലഭാസ്കറിന് ആദരാഞ്ജലികൾ അർപ്പിച്ചാകും വേദിയിൽ പരിപാടികൾ ആരംഭിക്കുക. മിസ് ഇംഗ്ലണ്ടിന്‍റെ നേതൃത്വത്തിലുള്ള ബോളിവുഡ് ഡാൻസ് ടീമിന്‍റെ പ്രകടനം, വിവിധ നൃത്ത ഗാന പരിപാടികൾ എന്നിവയും ചടങ്ങിന് മികവേകും.

ഓണാഘോഷ വേദിയിൽ നൽകാനിരുന്ന വിവിധ പരിപാടികളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിന്‍റർ ഗാതറിംഗ് ആൻഡ് ചാരിറ്റി ഈവനിംഗിൽ നൽകും. ബ്രിസ്കയുടെ നേതൃത്വം വഹിക്കുന്ന കമ്മിറ്റിയുടെ കാലാവധി ഡിസംബറിൽ അവസാനിക്കാനിരിക്കെയാണ് ഈ മുഹൂർത്തം ഒരുങ്ങുന്നത്. ജിസിഎസ്ഇ വിജയികളെയും ചടങ്ങിൽ അനുമോദിക്കും. സൗത്ത് മീഡ് കമ്യൂണിറ്റി ഹാളിൽ രണ്ടു മുതൽ നാലു വരെ ബ്രിസ്കയുടെ ജനറൽ ബോഡി നടക്കും. ഇതിനുശേഷമാണ് വിന്‍റർ ഗാതറിംഗ് ആൻഡ് ചാരിറ്റി ഈവനിംഗ് ആരംഭിക്കുക.

റിപ്പോർട്ട്: ജെഗി ജോസഫ്