കന്നഡ സിനിമാലോകത്തെ ഞെട്ടിച്ച് ആദായനികുതി റെയ്ഡ്, സ്വർണവും രേഖകളും പിടിച്ചെടുത്തതായി റിപ്പോർട്ട്
Monday, January 7, 2019 7:01 PM IST
ബംഗളൂരു: കന്നഡ സിനിമാലോകത്തെ ഞെട്ടിച്ച് താരങ്ങളുടെയും നിർമാതാക്കളുടെയും വസതികളിലെ ആദായനികുതി റെയ്ഡ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സൂപ്പർതാരങ്ങളായ ശിവരാജ്കുമാർ, പുനീത് രാജ്കുമാർ, യഷ്, കിച്ച സുദീപ്, നിർമാതാക്കളായ റോക്‌ലിൻ വെങ്കിടേഷ്, സി.ആർ. മനോഹർ, വിജയ് കാരൻഗന്തൂർ എന്നിവരുടെ വസതികളിൽ റെയ്ഡ് ആരംഭിച്ചത്. കന്നഡയിൽ നിർമിച്ച മൂന്നു ബിഗ്ബജറ്റ് ചിത്രങ്ങളുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ പരാതികളിലാണ് റെയ്ഡ് നടത്തിയത്. താരങ്ങളെയും കുടുംബാംഗങ്ങളെയും നിർമാതാക്കളുടെ ഓഡിറ്റർമാരെയും ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. ഇടപാടുകൾ സംബന്ധിച്ച രേഖകളും സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്.

ആദായനികുതി വകുപ്പിലെ ഇരുന്നൂറോളം ഉദ്യോഗസ്ഥരാണ് ബംഗളൂരുവിലെ 28 സ്ഥലങ്ങളിലായി നടന്ന മാരത്തൺ റെയ്ഡിൽ പങ്കെടുത്തത്. വ്യാഴാഴ്ച 15 മണിക്കൂർ തുടർച്ചയായി നടത്തിയ പരിശോധന വെള്ളിയാഴ്ചയും തുടർന്നു. താരങ്ങൾക്കും നിർമാതാക്കൾക്കും കുടുംബാംഗങ്ങൾക്കു പോലും വീടിനു പുറത്തിറങ്ങാനോ ഫോൺ ഉപയോഗിക്കാനോ അനുവാദമുണ്ടായിരുന്നില്ല. ശിവരാജ്കുമാറിന്‍റെ ഭാര്യ ഗീതയെ ബാങ്കിലെത്തിച്ച ഉദ്യോഗസ്ഥർ ലോക്കറുകൾ പരിശോധിച്ചു. റെയ്ഡ് വിവരമറിഞ്ഞ് ശിവരാജ്കുമാറിന്‍റെ നാഗവാരയിലെ വസതിക്കു മുന്നിൽ നിരവധി ആരാധകരും തടിച്ചുകൂടിയിരുന്നു. ഇവരെ പോലീസ് തിരിച്ചയച്ചു.

പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചുവരികയാണ്. നിർ‌മാതാക്കളും നടന്മാരും തമ്മിലുള്ള ഇടപാടുകളുടെ രേഖകളും ബിഗ്ബജറ്റ് ചിത്രങ്ങൾക്ക് മുടക്കിയ പണത്തിന്‍റെ ഉറവിടവും പരിശോധിക്കുന്നുണ്ട്.