വനിതാ ലോകകപ്പ്: പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ
Tuesday, October 21, 2025 8:31 PM IST
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ സ്കോർ. മഴയെ തുടർന്ന് 40 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 312 റൺസാണ് ദക്ഷിണാഫ്രിക്ക എടുത്തത്.
ക്യാപ്റ്റൻ ലോറ വോൾവാർഡിന്റെയും സുനെ ലൂസിന്റെയും മാരിസാനെ കാപ്പിന്റെയും അർധ സെഞ്ചുറിയുടെയും നദൈൻ ഡി ക്ലർക്കിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
90 റൺസെടുത്ത ലോറ വോൾവാർഡാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോർ. സുനെ ലൂസ് 61 റൺസും മരിസാനെ കാപ്പ് 68 റൺസുമെടുത്തു. 16 പന്തിൽ 41 റൺസെടുത്ത നദൈൻ ഡി ക്ലർക്കിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയുടെ സ്കോർ 300 കടത്തിയത്. മൂന്ന് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ഡി ക്ലർക്കിന്റെ ഇന്നിംഗ്സ്.
പാക്കിസ്ഥാന് വേണ്ടി സാദിയ ഇഖ്ബാലും നഷ്ര സന്ധുവും മൂന്ന് വിക്കറ്റ് വീതമെടുത്തു. ക്യാപ്റ്റൻ ഫാത്തിമ സനാ ഒരു വിക്കറ്റും വീഴ്ത്തി.