അയർലൻഡ് കൗണ്ടി കൗണ്‍സിൽ തെരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കാൻ മലയാളിയും
Tuesday, May 21, 2019 8:51 PM IST
ഡബ്ലിൻ: അയർലൻഡിൽ മേയ് 24 ന് നടക്കുന്ന കൗണ്ടി കൗണ്‍സിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മലയാളിയും. ഡണ്‍ലേരി കൗണ്ടി കൗണ്‍സിലിലെ ബ്ലാക്ക്റോക്ക് മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായാണ് റെജി സി. ജേക്കബ് ജനവിധി തേടുന്നത്.

ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യക്കാർക്കിടയിലെന്നപോലെ ഐറിഷുകാർക്കിടയിലും റെജി സുപരിചിതനാണ്. ഐറിഷ് മലയാളികൾക്കിടയിലെ സജീവസാന്നിധ്യമായ തെരഞ്ഞെടുപ്പിൽ മലയാളികളുടേയും മറ്റും പൂർണപിന്തുണയോടെ വിജയിച്ചു കയറാനാവുമെന്ന ശുഭപ്രതീക്ഷയാണുള്ളത്.വോട്ടെണ്ണൽ 25 ന് (ശനി) നടക്കും.

കടുത്ത മത്സരം നടക്കുന്ന മണ്ഡലത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി മേരി ഹാനഫിനടക്കം പതിനൊന്ന് സ്ഥാനാർഥികളാണുള്ളത്.റബർ കൃഷി കേരളത്തിൽ എത്തിച്ച ജോണ്‍ ജോസഫ് മർഫിയുടെ സ്വദേശമടങ്ങുന്ന പ്രദേശമാണ് ബ്ലാക്ക്റോക്ക് മണ്ഡലം.നാനൂറിലേറെ ഇന്ത്യക്കാർ അധിവസിക്കുന്ന പ്രദേശമാണിവിടം.

കാഞ്ഞിരപ്പള്ളി എരുമേലി കൂർക്കക്കാലയിൽ കുടുംബാംഗമായ റെജി, സെന്‍റ് വിൻസെന്‍റ്സ് ഹോസ്പിറ്റൽ നഴ്സായ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം ഡബ്ലിൻ ബ്ളാക്ക്റോക്ക് മൗണ്ട് മെറിയോണ്‍ അവന്യുവിലാണ് താമസം.

റിപ്പോർട്ട് :ജയ്സണ്‍ കിഴക്കയിൽ