മധുരമേളയായി ഹോപ്കോംസ് മാമ്പഴമേള
Tuesday, May 21, 2019 10:19 PM IST
ബംഗളൂരു: ഹോപ്കോംസിന്‍റെ നേതൃത്വത്തിൽ ഹഡ്സൻ സ്ക്വയറിൽ ആരംഭിച്ച ചക്ക, മാമ്പഴമേളയിൽ തിരക്കേറി. വ്യത്യസ്ത ഇനങ്ങളിലും രുചിവൈവിധ്യങ്ങളിലുമുള്ള ചക്കകളും മാമ്പഴവും രുചിക്കാനും വാങ്ങാനുമായി ദിവസേന നൂറുകണക്കിനാളുകളാണ് എത്തുന്നത്.

അൽഫോൻസോ ബദാമി, നീലം, ബഗനപ്പള്ളി, കാർത്തിക, ചിറ്റൂർ തുടങ്ങിയ ഇനങ്ങളിൽപെട്ട മാമ്പഴങ്ങളാണ് മേളയിലുള്ളത്. ബംഗളൂരു റൂറൽ, കോലാർ, രാമനഗര, ചിക്കബല്ലാപുര തുടങ്ങിയ ജില്ലകളിൽ നിന്നുള്ള കർഷകരിൽ നിന്നു നേരിട്ട് എത്തിച്ച മാമ്പഴവും ചക്കയുമാണ് വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. പശ്ചിമബംഗാളിലെ ഹിമസാഗറിൽ നിന്നും ഒഡീഷയിൽ നിന്നും എത്തിച്ച മാമ്പഴങ്ങളും മേളയിലുണ്ട്.

രാസവസ്തുക്കൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ഫലങ്ങളാണ് മേളയിലുള്ളത്. ചക്കയ്ക്കും മാമ്പഴത്തിനും പത്ത് ശതമാനം വിലക്കിഴിവും നല്കുന്നുണ്ട്. നഗരത്തിലെ ഹോപ്കോംസിന്‍റെ പ്രധാന വില്പനകേന്ദ്രങ്ങളിലും മാമ്പഴവും ചക്കയും ലഭ്യമാണ്.

വെള്ളിയാഴ്ച ആരംഭിച്ച മേള സ്വാതന്ത്ര്യസമര സേനാനി എച്ച്.എസ്. ദൊരൈസ്വാമിയാണ് ഉദ്ഘാടനം ചെയ്തത്. മേളയോടനുബന്ധിച്ച് പാചകമത്സരം ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഈവർഷം 1000 ടൺ മാമ്പഴവും 200 ടൺ ചക്കയും വില്ക്കാനാകുമെന്നാണ് ഹോപ്കോംസിന്‍റെ പ്രതീക്ഷ. കഴിഞ്ഞ വർഷം 750 ടൺ മാമ്പഴവും 150 ടൺ ചക്കയുമാണ്വിറ്റത്.

ലാൽബാഗിൽ മാമ്പഴമേള 30ന്

ബംഗളൂരു: ലാൽബാഗിൽ മാമ്പഴമേള ഈമാസം 30 മുതൽ ജൂൺ 24 വരെ നടക്കും. എൺപതോളം സ്റ്റാളുകൾ ഉണ്ടായിരിക്കും. പത്ത് ജില്ലകളിൽ നിന്നുള്ള കർഷകർ മേളയിൽ പങ്കെടുക്കുമെന്ന് കർണാടക സ്റ്റേറ്റ് മാംഗോ ഡവലപ്മെന്‍റ് ആൻഡ് മാർക്കറ്റിംഗ് കോർപറേഷൻ ലിമിറ്റഡ് ഡയറക്ടർ സി.ജി. നാഗരാജ് അറിയിച്ചു.