ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിലെ ഇൻഡക്ഷൻ മാസ് ഭക്തി സാന്ദ്രമായി
Tuesday, July 16, 2019 7:32 PM IST
ലണ്ടൻ: നോട്ടിംഗ്ഹാം കത്തോലിക്കാ രൂപതയുടെ കീഴിലുള്ള ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വികാരിയായി നിയമിതനായ ഫാ. ജോർജ് തോമസ് ചേലക്കലിന്‍റെ ഇംഗ്ലീഷ് കത്തോലിക്കാ പാരമ്പര്യ അധിഷ്ഠിതമായ ഔദ്യോഗിക ഇൻഡക്ഷൻ മാസ് ജൂൺ11 ന് ആഘോഷിച്ചു.

നോട്ടിംഗ്ഹാം രൂപതാധ്യക്ഷന്‍റെ പ്രതിനിധിയായി മോൺ. റവ. കാനൻ എഡ്‌വേഡ്‌ ജെറോസ് വിശുദ്ധ കുർബാനയ്ക്കും അനുബന്ധ ചടങ്ങുകൾക്കും നേതൃത്വം നൽകി.

2017 ൽ ഇംഗ്ലണ്ടിൽ എത്തിയ ഫാ. ജോർജ് തോമസ് നോട്ടിംഗ്ഹാം രൂപതയുടെ കീഴിലുള്ള സെന്‍റ് എഡ്‌വേഡ്‌ കത്തോലിക്കാ ദേവാലയത്തിൽ വികാരിയായി സേവനം അനുഷ്ടിച്ചുവരവേയാണ് മദർ ഓഫ് ഗോഡ് ദേവാലയത്തിന്‍റെ അധിക ചുമതല എൽക്കുന്നത്. ഇരുനൂറോളം കുടുംബങ്ങൾ താമസിക്കുന്ന ലെസ്റ്ററിലെ സീറോ മലബാർ വിശ്വാസികളുടെ ആധ്യാത്മിക ചുമതലയോടൊപ്പം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വികാരി ജനറാളായും ഫാ. ജോർജ് തോമസ് ചേലക്കൽ സേവനം ചെയ്തുവരുന്നു.