നഴ്സിംഗ് റിക്രൂട്ട്മെന്‍റ്: കേരളവും ബ്രിട്ടനിലെ എച്ച്ഇഇയും കരാർ ഒപ്പിട്ടു
Wednesday, July 17, 2019 10:08 PM IST
ലണ്ടൻ: യുകെ നാഷണൽ ഹെൽത്ത് സർവീസിന്‍റെ അനുബന്ധസ്ഥാപനമായ ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടുമായി (എച്ച്ഇഇ) കേരള സർക്കാർ കരാർ ഒപ്പുവച്ചു. ഇംഗ്ലണ്ടിലെ സർക്കാർ ആശുപത്രികളിൽ കേരളത്തിൽനിന്ന് നഴ്സുമാർക്ക് നിയമനം നൽകുന്നതു സംബന്ധിച്ചാണ് കരാർ.

റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ഞായറാഴ്ച യുകെയിൽ എത്തിയിരുന്നു. ഒരു വർഷത്തെ പ്രവൃത്തിപരിചയവും, ഐഇഎൽടിഎസ്, ഒഇടി എന്നിവ പാസാവുകയും ചെയ്ത നഴ്സുമാർക്ക് കരാർ പ്രകാരം ഇംഗ്ലണ്ടിലെ സർക്കാർ ആശുപത്രികളിൽ നിയമനം ലഭിക്കും.

വിവിധ കോഴ്സുകൾക്ക് ചെലവാകുന്ന തുകയും വീസ ചാർജും വിമാനടിക്കറ്റും സൗജന്യമായിരിക്കും. യുകെയിൽ മൂന്നുമാസത്തെ സൗജന്യ താമസവും നൽകും. അയ്യായിരത്തിലധികം നഴ്സുമാരെ യുകെ സർക്കാരിന് നിയമിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിങ്കളാഴ്ച മാഞ്ചസ്റ്ററിൽ എച്ച്ഇഇ ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് കരാർ ഒപ്പിട്ടത്. യുകെ ഗവണ്‍മെൻറിനു കീഴിലുള്ള നാഷണൽ ഹെൽത്ത് സർവീസ് ആശുപത്രികളിലേക്ക് തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള ഓവർസീസ് ഡെവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് കണ്‍സൾട്ടൻറ്സ് (ഒഡെപെക്) മുഖേനയാണ് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത്. മന്ത്രിയുടെ നേതൃത്വത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, ഒഡെപെക് ചെയർമാൻ എൻ. ശശിധരൻ നായർ, മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ദീപു പി. നായർ എന്നിവരാണ് യുകെ സന്ദർശിച്ചത്.