കേന്ദ്രമന്ത്രിക്കും കേരള എംപിമാര്‍ക്കും ഫരീദാബാദ് രൂപത സ്വീകരണം നല്‍കി
Friday, July 19, 2019 8:41 PM IST
ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള എംപിമാര്‍ക്കും കേന്ദ്രമന്ത്രി വി. മുരളീധരനും ഫരീദാബാദ് രൂപത സ്വീകരണം നല്‍കി. കരോള്‍ ബാഗിലെ രൂപതകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഫരീദാബാദ് രൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷനായിരുന്നു.

രാഷ്‌ട്രത്തിന്‍റെ പൊതുനന്മയ്ക്കും താത്പര്യങ്ങള്‍ക്കും വേണ്ടി ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്നതിനോടൊപ്പം തന്നെ കേരളത്തിന്‍റെ പദ്ധതികളില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു.

കേരളത്തില്‍നിന്നുള്ള പ്രവാസികള്‍ക്കു വേണ്ടിയുള്ള ഫരീദാബാദ് സീറോ മലബാര്‍ രൂപതയില്‍ മലയാളികളായ പാര്‍ലമെന്‍റ് അംഗങ്ങള്‍ ഒരുമിച്ചു ചേരുന്നതു അഭിമാനകരമായ മുഹൂര്‍ത്തമാണെന്നു വികാരി ജനറാള്‍ മോണ്‍. ജോസ് വെട്ടിക്കല്‍ അഭിപ്രായപ്പെട്ടു.

കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി. മുരളീധരന്‍,യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, വികാരി ജനറാള്‍ മോണ്‍. ജോസ് വെട്ടിക്കല്‍, ജോര്‍ജ് കള്ളിവയലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രമ്യ ഹരിദാസിന്‍റെ ഗാനാലാപനം ചടങ്ങിനെ ആകർഷകമാക്കി.

മുന്‍ കേന്ദ്രമന്ത്രിമാരായ പ്രഫ. കെ.വി. തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും ജോസ് കെ. മാണി, എന്‍.കെ. പ്രേമചന്ദ്രന്‍, എ.എം. അരീഫ്, കെ. മുരളീധരന്‍, കെ. സുധാകരന്‍, അടൂര്‍ പ്രകാശ്, ആന്‍റോ ആന്‍റണി, എം.കെ. രാഘവന്‍, തോമസ് ചാഴികാടന്‍, കെ. സോമപ്രസാദ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പി.വി. അബ്ദുള്‍ വഹാബ്, വി.കെ. ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, ടി.എന്‍. പ്രതാപന്‍ തുടങ്ങിയവര്‍ അത്താഴവിരുന്നിനെത്തി. ഫരീദാബാദ് രൂപതയിലെ വൈദിക പ്രതിനിധികളും അത്മായ പ്രതിനിധികളും സംബന്ധിച്ചു.