ഹോളോക്സ്റ്റ് നിഷേധിക്കുന്നത് മനുഷ്യാവകാശമല്ല: യൂറോപ്യൻ കോടതി
Tuesday, October 8, 2019 7:09 PM IST
സ്ട്രാസ്ബുർഗ്: ഹോളോകോസ്റ്റ് സംഭവിച്ചിട്ടേയില്ലെന്നും അതൊരു കെട്ടുകഥ മാത്രമാണെന്നും പറയുന്നതിനെ മനുഷ്യാവകാശത്തിന്‍റെ പരിധിയിൽ പെടുത്താൻ സാധിക്കില്ലെന്ന് യൂറോപ്യൻ കോടതിയുടെ സുപ്രധാന വിധി. ജർമനിയിൽ നിന്നുള്ള നിയോ നാസി രാഷ്ട്രീയ നേതാവ് ഉഡോ പാസ്റ്റോഴ്സ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ തീർപ്പ്.

മെക്കലൻബർഗ് വോർപോമേണ്‍ പ്രാദേശിക പാർലമെന്‍റിൽ അംഗമായിരുന്ന പാസ്റ്റോഴ്സ് ഹോളോകോസ്റ്റ് സംഭവിച്ചിട്ടുണ്ടോ എന്ന് 2010ൽ പൊതു പ്രഗംസഗത്തിൽ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് 2012ൽ ശിക്ഷിക്കപ്പെട്ടിരുന്നു. ഇതിനെതിരേ 2014ലാണ് ഇയാൾ യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിക്കുന്നത്.

തന്‍റെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടെന്നായിരുന്നു പ്രധാന വാദം. കീഴ്ക്കോടതിയിൽ തനിക്കു ശിക്ഷ വിധിച്ച ജഡ്ജിയുടെ ഭർത്താവ് അപ്പീൽ കോടതിയിൽ ജഡ്ജിയായിരുന്നതിനാൽ നീതിപൂർവകമായ വിചാരണ നടന്നില്ലെന്നും ഇയാൾ ആരോപിച്ചിരുന്നു.

എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടെന്ന വാദം കോടതി ഏകകണ്ഠമായി തള്ളി. വിചാരണ നീതിപൂർവകമായിരുന്നില്ലെന്ന വാദം 4-3 ഭൂരിപക്ഷത്തിനും തള്ളി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ