സ്വിസ് പാർലമെന്‍റിൽ റിക്കാർഡ് വനിതാ പ്രാതിനിധ്യം
Tuesday, October 22, 2019 9:17 PM IST
ബേണ്‍: ഗ്രീൻ പാർട്ടിയുടെ ചരിത്ര നേട്ടത്തിനു പുറമേ, വനിതാ പ്രാതിനിധ്യത്തിന്‍റെ കാര്യത്തിലും പുതിയതായി നിലവിൽ വരുന്ന സ്വിസ് പാർലമെന്‍റിൽ പുതിയ റിക്കാർഡ് കുറിക്കപ്പെടും.

നാഷണൽ കൗണ്‍സിലിലെ ആകെയുള്ള ഇരുനൂറ് സീറ്റിൽ എണ്‍പത്തിനാലണ്ണെത്തിലേക്കാണ് സ്ത്രീകൾ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 42 ശതമാനമാണ് പ്രാതിനിധ്യം. ഇത്രയധികം വനിതാ പ്രാതിനിധ്യം ഇതിനു മുൻപ് ഒരിക്കലും സ്വിസ് പാർലമെന്‍റിൽ ഉണ്ടായിട്ടില്ല.

ഇടതുപക്ഷ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർട്ടിയിലും ഗ്രീൻ പാർട്ടിയിലുമാണ് സ്ത്രീ പ്രാതിനിധ്യം ഏറ്റവും കൂടുതൽ. ഏറ്റവും കുറവ് യാഥാസ്ഥിതികരായ സ്വിസ് പീപ്പിൾസ് പാർട്ടിയിലും. 2015ലേതിനെ അപേക്ഷിച്ച് സ്ത്രീ പ്രാതിനിധ്യം കുറഞ്ഞത് സെന്‍റർ-റൈറ്റ് ക്രിസ്റ്റ്യൻ ഡെമോക്രാറ്റുകളിലും.

ജൂണ്‍ പതിനാലിന് സ്വിറ്റ്സർലൻഡിൽ ആകമാനം സംഘടിപ്പിക്കപ്പെട്ട വനിതാ സമരമാണ് ഇങ്ങനെയൊരു വിപ്ലവത്തിന് ഉൗർജം പകർന്നതെന്നാണ് വിലയിരുത്തൽ. സ്ത്രീകൾക്ക് പുരുഷൻമാരുടേതിനു തുല്യമായ ജോലിക്ക് തുല്യമായ ശന്പളവും സമത്വവും ബഹുമാനവും ആവശ്യപ്പെട്ടു നടത്തിയ സമരത്തിൽ അഞ്ച് ലക്ഷത്തോളം സ്ത്രീകളാണ് അണിനിരന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ