റോഡ് സുരക്ഷയില്‍ ഒന്നാമത് സിംഗപ്പൂര്‍; രണ്ടാമത് അയര്‍ലൻഡ്
Wednesday, January 15, 2020 10:22 PM IST
ബര്‍ലിന്‍: അപകട മരണ നിരക്ക് ഏറ്റവും കുറവുള്ള റോഡുകളുള്ള രാജ്യം സിംഗപ്പൂരിന് ഒന്നാം സ്ഥാനം. അയര്‍ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ കൂട്ടത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ റോഡുകള്‍ക്ക് നാലാം സ്ഥാനം.

അപകടങ്ങള്‍ക്കു പകരം, അപകട സാധ്യത മാത്രം കണക്കിലെടുത്താല്‍ ഏറ്റവും കുറവ് സ്ളോവേനിയയിലാണ്. ന്യൂസിലന്‍ഡിന് രണ്ടാം സ്ഥാനം. ഈയിനത്തില്‍ സ്വിസ് റോഡുകള്‍ മൂന്നാം സ്ഥാനത്തുണ്ട്. റോഡുകള്‍ മികച്ചവയാണെന്നു മാത്രമല്ല, അടിയന്തര സഹായവും അടിസ്ഥാനസൗകര്യങ്ങളും മികവുറ്റതാണെന്നു കൂടിയാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്.

സ്വിസ് റോഡുകളിലെ കുത്തുകയറ്റിറക്കങ്ങളും തുരങ്കങ്ങളുടെ വലിയ ശൃംഖല തന്നെയും ഉണ്ടായിട്ടും സ്വിസ് റോഡുകള്‍ ലോകത്തെ ഏറ്റവും സുരക്ഷിതമായ റോഡുകളുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ തുടരുകയാണ്.

ശക്തമായ റോഡ് നിയമങ്ങളും വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുടെ സമീപനവുമെല്ലാം റോഡ് സുരക്ഷ ഉറപ്പാക്കുന്നതില്‍ നിര്‍ണായക ഘടകങ്ങളാണ്. 2020 ജനുവരിയില്‍ പുറത്തിറക്കിയ റോഡ് സേഫ്റ്റി റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.

ട്രാഫിക് സുരക്ഷയ്ക്കുള്ള നടപടികളില്‍ ട്രാഫിക്കിലെ പെരുമാറ്റം, ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി, പ്രിവന്‍ഷന്‍ എന്നിവ ഉള്‍പ്പെടുന്നു. മറ്റു പ്രധാനപ്പെട്ട പ്രതിരോധ നടപടികളും സുരക്ഷയില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്.

മുന്‍കൂര്‍ റോഡ് സുരക്ഷാ സംവിധാനങ്ങളും സ്വിറ്റ്സര്‍ലന്‍ഡിന്‍റെ തനതായ ഭൂപ്രകൃതിയും വെല്ലുവിളികളും ലക്ഷ്യമിടുന്ന പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത നയങ്ങളും ഈ സംവിധാനത്തെ കണക്കിലെടുക്കുന്നു. ഡ്രിങ്ക് ഡ്രൈവിംഗിനും വേഗത പോലുള്ള മറ്റു സുരക്ഷിതമല്ലാത്ത പെരുമാറ്റത്തിനും ഉയര്‍ന്ന ശിക്ഷകളും സംവിധാനങ്ങളും നടപ്പിലാക്കി.രാജ്യത്തെ ഉയര്‍ന്ന വഴികളില്‍ പരമാവധി വേഗത മണിക്കൂറില്‍ 120 കിലോമീറ്ററാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍