പ്രതിരോധ മന്ത്രാലയത്തിനു വീഴ്ച പറ്റിയെന്നു ഉര്‍സുലയുടെ കുറ്റസമ്മതം
Friday, February 14, 2020 10:00 PM IST
ബര്‍ലിന്‍: പ്രതിരോധ മന്ത്രിയായിരിക്കെ ജര്‍മന്‍ പ്രതിരോധ മന്ത്രാലയത്തിനു ചില കാര്യങ്ങളിൽ വീഴ്ച പറ്റിയിട്ടുള്ളതായി യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍റെ കുറ്റസമ്മതം.

സ്വജനപക്ഷപാതം പോലുള്ള പ്രശ്നങ്ങള്‍ വെളിച്ചത്തു വന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്കാണു നീങ്ങുന്നത്. പുറത്തുനിന്നുള്ള കണ്‍സള്‍ട്ടന്റുമാര്‍ക്ക് മില്യൺ കണക്കിന് യൂറോ നല്‍കിയതും ചോദ്യം ചെയ്യപ്പെടുന്നു.

വിവിധ വിഷയങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ സമിതിയെയും നിയോഗിച്ചു കഴിഞ്ഞു. ഇതില്‍ സാക്ഷിയായി വിചാരണയ്ക്കെത്തിയപ്പോഴാണ് ഉര്‍സുലയുടെ കുറ്റസമ്മതം.

പുറത്തുനിന്നുള്ള കണ്‍സള്‍ട്ടന്‍റുമാര്‍ പ്രതിരോധ മന്ത്രാലയത്തിന് അനിവാര്യമാണെങ്കിലും അങ്ങനെയുള്ളവരെ തെരഞ്ഞെടുത്ത് കരാര്‍ നല്‍കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് ഉര്‍സുലയുടെ കുറ്റസമ്മതം

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ