പ്രത്യാശയുടെ സന്ദേശം പങ്കുവച്ച് മാർ കുര്യക്കോസ് ഭരണികുളങ്ങര
Tuesday, May 19, 2020 5:55 PM IST
ന്യൂഡൽഹി: നോവൽ കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യം ലോക് ഡൗണിൽ കഴിയുന്ന സാഹചര്യത്തിൽ ഫരിദാബാദ് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ കുര്യക്കോസ് ഭരണികുളങ്ങര രൂപതയിലെ ഇടവകകളുടെ ഭരണ സമിതി അഗംങ്ങളായ കൈക്കാരൻമാരുമായി വീഡിയോ കോൺഫറൻസ് മുഖേന ചർച്ച നടത്തി.

ഓരോ ഇടവകയുടെയും അവസ്ഥകളെപറ്റിയും പ്രവർത്തനങ്ങളെ പറ്റിയും ആരായുവാനും അവർക്കുവേണ്ട നിർദ്ദേശങ്ങൾ നൽകുവാനും സമയം കണ്ടെത്തിയ ആർച്ച് ബിഷപ്, സുരക്ഷിതരായിക്കണമെന്നും അതിനായി മുൻകരുതൽ എടുക്കണമെന്ന് ഉപദേശിക്കാനും മറന്നില്ല.

ലോക്ക് ഡൗൺ സാഹചര്യത്തിൽ ഇടവകകളിലും പുറത്തും ധാരാളം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെയും വ്യക്തികളെയും സഹായിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. രൂപതയിലെ വിവിധ ഇടവകകൾ നടത്തി വരുന്ന എല്ലാ സേവന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന വൈദീകരെയും കൈക്കാരൻ മാരെയും വിവിധ രീതികളിൽ അവർക്ക് സഹകരണം നൽകുന്ന ഇടവക ജനത്തെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഈ മഹാമാരിയെ തരണം ചെയ്യാൻ നമ്മുക്ക് സാധിക്കും എന്ന പ്രത്യാശയും വിശ്വാസവും എല്ലാവർക്കും ഉണ്ടാകണമെന്നും സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ആഹ്വാനം ചെയ്തു.

ആശങ്കാജനകമായ ഈ അവസ്ഥയിലും ഈ യോഗം വളരെ ആരോഗ്യപരമായ പുതുപ്രതീക്ഷകൾ ഉണർത്തുന്നതായിരുന്നു എന്നും രൂപതാധ്യക്ഷൻ അഭിപ്രായപ്പെട്ടു. രോഗബാധയുടെ പശ്ചാത്തലത്തിൽ ഒരുമയുടെ സന്ദേശം നൽകുന്ന ഗാനങ്ങളും വീഡിയോകളും പ്രക്ഷേപണം ചെയ്യുന്നതിൽ പ്രോത്സാഹനം നൽകുന്നതോടൊപ്പം പ്രാർഥനാ സഹായം ഉറപ്പ് നൽകുകയും ഇടവകകളിൽ ഐക്യം വളർത്താൻ ഓൺലൈൻ കൂട്ടായ്മകൾ നടത്തണമെന്നും അദ്ദേഹം അറിയിച്ചു.

സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ വികാരി ജനറാൾ ഫാ.ജോസ് വെട്ടിക്കൽ ജുഡീഷൽ വികാരി ഫാ.മാർട്ടിൻ പാലമറ്റം, രൂപതയുടെ കൂരിയാ അംഗങ്ങൾ എന്നിവരും വെബിനാറിൽ പങ്കെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്