തൊഴിലാളികള്‍ തെരുവില്‍ മരിക്കുമ്പോഴും കേന്ദ്ര തൊഴില്‍മന്ത്രിക്ക് മിണ്ടാട്ടമില്ല
Wednesday, May 20, 2020 8:19 PM IST
ന്യൂഡല്‍ഹി: കോവിഡും ലോക്ക്ഡൗണും മൂലം ദിവസക്കൂലിക്കാരും ഇതര സംസ്ഥാനക്കാരും കര്‍ഷകത്തൊഴിലാളികളും ഫാക്ടറി തൊഴിലാളികളും മുതല്‍ വന്‍കിട കമ്പനികളിലെ തൊഴിലാളികള്‍ അടക്കം രാജ്യത്തെ 55 കോടി തൊഴിലാളികള്‍ ദുരിതത്തിലായ ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിയില്‍ കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്‌വാറിന്റെ മൗനം വിവാദമാകുന്നു.

ജോലിയും കൂലിയും സംരക്ഷണവുമില്ലാതെ നൂറുകണക്കിന് കിലോമീറ്ററുകള്‍ താണ്ടി സ്വന്തം നാട്ടിലേക്കു പലായനം ചെയ്ത അമ്പതിലേറെ പേരുടെ ജീവന്‍ റോഡുകളില്‍ പൊലിഞ്ഞിട്ടും സജീവ ആര്‍എസ്എസുകാരന്‍ കൂടിയായ തൊഴില്‍മന്ത്രിയെ കാണാനായില്ല!. രാജ്യത്തെ എട്ടു കോടിയിലേറെ വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ രണ്ടു മാസത്തോളമായി കൊടിയ ദുരിതത്തിലായിട്ടും കേന്ദ്രത്തിലെ തൊഴില്‍ വകുപ്പിന്‍റെ സമ്പൂര്‍ണ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിക്കു മിണ്ടാട്ടമേയില്ലെന്നതാണ് ഞെട്ടിച്ചത്. മാര്‍ച്ച് 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്താകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് 56 ദിവസം പിന്നിട്ടിട്ടും ഇതരസംസ്ഥാന തൊഴിലാളികള്‍ അഭയവും സംരക്ഷണവുമില്ലാതെ ഇപ്പോഴും തെരുവുകളില്‍ പലായനം തുടരുകയാണ്.

പ്രധാനമന്ത്രിയുടെയും ബിജെപിയുടെയും ചില കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുടെയും ട്വിറ്റര്‍ സന്ദേശങ്ങള്‍ റീട്വീറ്റു ചെയ്യുന്നതില്‍ ഒതുങ്ങുകയായിരുന്നു പ്രധാനമായും തൊഴില്‍മന്ത്രിയുടെ പ്രതികരണം. യുപിയിലെ റോഡപകടത്തില്‍ 26 ഇതരസംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടപ്പോള്‍ അതില്‍ ഖേദം പ്രകടിപ്പിച്ച് ഹിന്ദിയില്‍ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ട്വിറ്ററിനു പുറത്ത്, പ്രസ്താവനകളിറക്കാനോ, പത്രസമ്മേളനം നടത്തി തൊഴിലാളികള്‍ക്ക് ആശ്വാസവാക്കുകളെങ്കിലും പറയാനോ തൊഴില്‍മന്ത്രി തയാറായിട്ടില്ല. യുപിയിലെ ബറേലിയില്‍ നിന്നു എട്ടാം തവണ പാര്‍ലമെന്‍റിലേക്കു ജയിച്ചു കയറിയ മുതിര്‍ന്ന ബിജെപി നേതാവായ തൊഴില്‍മന്ത്രിയുടെ സ്വന്തം കുറിപ്പുകള്‍ ട്വിറ്ററില്‍ പോലും തീര്‍ത്തും വിരളമായിരുന്നു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ബിജെപി ഭരണ സംസ്ഥാനങ്ങളായ യുപി, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ എന്നിവ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് തൊഴിലാളികളുടെ ഉള്ള അവകാശങ്ങള്‍ കൂടി ഇല്ലാതാക്കിയപ്പോഴും കേന്ദ്ര തൊഴില്‍മന്ത്രി ദുരൂഹമായ മൗനം തുടര്‍ന്നു. തൊഴില്‍ നിയമ ഭേദഗതിക്കെതിരേ പ്രതിപക്ഷത്തിന്‍റെ രൂക്ഷമായ ആക്രമണങ്ങളില്‍ നിന്നു ബിജെപി മുഖ്യമന്ത്രിമാരെ സംരക്ഷിക്കാനോ, ന്യായീകരിക്കാനോ പോലും സന്തോഷ് ഗാംഗ്‌വാര്‍ ഉണ്ടായില്ല. ആര്‍എസ്എസിന്‍റെ തൊഴിലാളി സംഘടന പോലും നിയമഭേദഗതിക്കെതിരേ വിമര്‍ശനം ഉന്നയിച്ചപ്പോഴും മന്ത്രിക്കു വിശദീകരണമില്ലായിരുന്നു.
കഴിഞ്ഞ മേയ് 17ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തെ തൊഴിലില്ലായ്മ 14.8 പോയിന്‍റുകള്‍ കൂടി 24 ശതമാനം ആയി ഉയര്‍ന്നതായി് സെന്‍റര്‍ ഫോര്‍ മോണിറ്ററിംദഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) യുടെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. ഏപ്രില്‍ 26ന് അവസാനിച്ച ആഴ്ചയിലും അതിനു തൊട്ടുമുമ്പിലും തൊഴിലില്ലായ്മ നിരക്ക് 35.4 മുതല്‍ 38.8 ശതമാനം വരെയായിരുന്നു. ലോകബാങ്കിന്‍റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ വിവിധ മേഖലകളിലായി 15 വയസിനു മുകളിലുള്ള 52 കോടി തൊഴിലാളികളുണ്ട്. 2019ല്‍ 51,94,69,299 പേരായിരുന്നു തൊഴിലാളികളുടെ വിഭാഗത്തില്‍ ഉണ്ടായിരുന്നത്.

ബിജെപിയുടെ തലമുതിര്‍ന്ന നേതാവും എട്ടു തവണ എംപിയുമായ സന്തോഷ് ഗാംഗ്‌വാറിനെ മോദി സാവധാനം ഒതുക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. 2016 ജൂലൈയില്‍ സ്വതന്ത്ര ചുമതലയുള്ള ടെക്‌സ്റ്റൈല്‍ മന്ത്രിയായിരുന്ന സന്തോഷിനെ ധനമന്ത്രാലയത്തിലെ മറ്റൊരു സഹമന്ത്രിയായി മോദി തരംതാഴ്ത്തിയിരുന്നു. വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയായിരുന്ന നേതാവിനെയാണു 17 വര്‍ഷം കഴിഞ്ഞ് അതേ തസ്തിക നല്‍കി അപമാനിച്ചത്.

പിന്നീട് 14 മാസം കഴിഞ്ഞ് 2017 സെപ്റ്റംബറിലാണ് തൊഴില്‍ മന്ത്രാലയത്തിന്‍റെ സ്വതന്ത്ര ചുമതല നല്‍കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ചെത്തിയ സന്തോഷിനു വകുപ്പു നിലനിര്‍ത്തിയെങ്കിലും ഇക്കുറിയും കാബിനറ്റ് പദവി നിഷേധിച്ചു. പക്ഷേ, പരിഭവങ്ങളും പരാതികളും പുറത്തറിയിക്കാതെ, പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ഓഫീസുകളില്‍ നിന്നു കിട്ടുന്ന നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുകയാണ് ഇപ്പോഴും സന്തോഷ്. സന്തോഷിന് പേരില്‍ മാത്രമേ സന്തോഷത്തിനു വകയുള്ളൂവെന്നാണ് ഒരു മുതിര്‍ന്ന ബിജെപി നേതാവ് തമാശ പറഞ്ഞത്.

മോദി സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ തവണ ലോക്‌സഭയിലേക്കു ജയിച്ച മന്ത്രിയാണ് സന്തോഷ്. 2009ല്‍ ഒഴികെ 1989 മുതല്‍ യുപിയിലെ ബറേലി മണ്ഡലത്തില്‍ നിന്നു തുടര്‍ച്ചയായി എട്ടുതവണയാണ് സന്തോഷ് വിജയിച്ചത്. യുപിയിലെ ഇരുപതോളം മണ്ഡലങ്ങളിലെ പ്രബല ശക്തിയായ ഗാംഗ്‌വാര്‍ സമുദായംഗമാണ്. നിര്‍ഭാഗ്യകരമെങ്കിലും ഒന്നോ, രണ്ടോ മാനഭംഗങ്ങളുടെ പേരില്‍ വലിയ പ്രശ്‌നം ഉണ്ടാക്കരുതെന്ന് 2018 ഏപ്രിലില്‍ നടത്തിയ പ്രസ്താവനയാണ് സന്തോഷിന്‍റെ പേരിലുള്ള വിവാദം. രാജ്യത്ത് ആവശ്യത്തിനു തൊഴിലുണ്ടെന്നും എന്നാല്‍ ഉത്തരേന്ത്യക്കാര്‍ക്ക് മതിയായ യോഗ്യത ഇല്ലെന്നും കഴിഞ്ഞ സെപ്റ്റംബറില്‍ സന്തോഷ് നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു.