അഞ്ചാമൂഴത്തിനില്ലെന്ന് ആവർത്തിച്ച് മെർക്കൽ
Friday, June 5, 2020 9:14 PM IST
ബർലിൻ: ജർമൻ ചാൻസലർ സ്ഥാനത്തേക്ക് അഞ്ചാം വട്ടം മത്സരിക്കാൻ താത്പര്യമില്ലെന്ന് ആവർത്തിച്ച് ആംഗല മെർക്കൽ. കൊറോണകാലത്ത് ആദ്യമായി മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിനിടെയാണ് ഇതു സംബന്ധിച്ച ചോദ്യം ഉയർന്നത്. മഹാമാരിയെ ജർമൻ സർക്കാർ നേരിട്ട രീതി ലോകത്തിന്‍റെ പ്രശംസ പിടിച്ചുപറ്റുകയും മെർക്കലിന്‍റെയും സിഡിയുവിന്‍റെയും ജനപ്രീതിയിൽ വൻ വർധന രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ, ഒരു സാഹചര്യത്തിലും സജീവ രാഷ്ട്രീയത്തിൽ തുടരാൻ ഉദ്ദേശിക്കുന്നില്ലെന്ന ഉറച്ച മറുപടിയാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മെർക്കൽ നൽകിയത്.

കൊറോണയും ലോക്ക്ഡൗണും കാരണമുണ്ടായ പ്രതിസന്ധി നേരിടാൻ സർക്കാർ പ്രഖ്യാപിച്ച 130 ബില്യൺ യൂറോയുടെ പദ്ധതി സംബന്ധിച്ചായിരുന്നു മാധ്യമങ്ങളുമായുള്ള മുഖാമുഖം.

ജനങ്ങൾ കാണാതെ ഒളിച്ചു വച്ചിരുന്ന പണം ഇപ്പോൾ എടുത്തു വിതരണം ചെയ്യുകയല്ല ചെയ്യുന്നത്. ഇല്ലാത്ത പണം കടമായെടുക്കുകയാണ്. വരും തലമുറകളാണ് ഈ കടം വീട്ടിത്തീർക്കേണ്ടി വരിക എന്നതാണ് ഇതിൽ ഏറ്റവും കയ്പേറിയ യാഥാർഥ്യമെന്നും ചാൻസലർ ഓർമിപ്പിച്ചു.

സമൃദ്ധിയുടെ കാലത്തേക്ക് നമുക്ക് എത്രയും വേഗം തിരിച്ചെത്തേണ്ടതുണ്ട്. ആളുകളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുക മാത്രമാണ് അതിനുള്ള മാർഗം. മൂല്യ വർധിത നികുതി കുറയ്ക്കുന്നത് അടക്കം ഇതിനുള്ള മാർഗങ്ങൾ സർക്കാർ സ്വീകരിച്ചുവരുന്നുണ്ട് - മെർക്കൽ ചൂണ്ടിക്കാട്ടി.

സ്കൂളുകളും ഡേ കെയറുകളും തുറക്കാനുള്ള തീരുമാനമാണ് കൊറോണ കാലത്ത് ഏറ്റവും ബുദ്ധിമുട്ടേറിയതെന്നും അവർ വെളിപ്പെടുത്തി.

ഫ്ളോയ്ഡിന്‍റെ കൊലപാതകം വംശീയം: അപലപിച്ച് മെർക്കൽ

ബർലിൻ: യുഎസിൽ ജോർജ് ഫ്ളോയ്ഡ് എന്ന കറുത്ത വംശജനെ വെള്ളക്കാരനായ പോലീസുകാരൻ കഴുത്തു ഞെരിച്ചു കൊന്നത് വംശീയ കൊലപാതകം തന്നെയാണെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ.

ഭീകരമായ കൊലപാതകമാണിത്. വംശീയത് ഭീതിദമാണ്. യുഎസ് സമൂഹം ഈ വിഷയത്തിൽ ധ്രുവീകരിക്കപ്പെട്ടിരിക്കുകയാണെന്നും മെർക്കൽ അഭിപ്രായപ്പെട്ടു.

ജനങ്ങളെ ഒരുമിച്ചു നിർത്താനാണ് താൻ ശ്രമിക്കുന്നത്. എന്നാൽ, ഇതിനു കടകവിരുദ്ധമാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ രീതിയെന്നും അവർ കുറ്റപ്പെടുത്തി.

ജർമൻ ഉത്തേജക പാക്കേജ് കുട്ടികളുള്ള കുടുംബങ്ങൾക്ക് നേരിട്ട പ്രയോജനപ്പെടും

ബർലിൻ: രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകാൻ ജർമൻ സർക്കാർ പ്രഖ്യാപിച്ച 130 ബില്യൺ യൂറോയുടെ പാക്കേജിന്‍റെ ഗുണഫലങ്ങൾ നേരിട്ട് ലഭിക്കുന്ന ഒരു വിഭാഗമാണ് കുട്ടികളുള്ള കുടുംബങ്ങൾ. ഓരോ കുട്ടിക്കും മുന്നൂറ് യൂറോ വീതം അധികമായി ലഭിക്കുന്ന വിധത്തിലാണ് പാക്കേജ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ തുക നികുതിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും.

രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 6.3 ശതമാനത്തിന്‍റെ ചുരുക്കമാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. എഴുപതു വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തെ താങ്ങിനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.

മൂല്യ വർധിത നികുതിയിൽ വരുത്തിയിരിക്കുന്ന താത്കാലിക കുറവും കുടുംബങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതാണ്. ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിനുള്ള സർക്കാർ റിബേറ്റ് ഇരട്ടിയുമാക്കിയിട്ടുണ്ട്.

ജനങ്ങളുടെ കൈയിൽ ചെലവാക്കാൻ പണമുണ്ടാകുകയും അവരുടെ വാങ്ങൽ ശേഷി വർധിപ്പിക്കുകയും മാത്രമാണ് രാജ്യത്തെ സമൃദ്ധിയിലേക്കു തിരിച്ചുകൊണ്ടുപോകുന്നതിനുള്ള മാർഗമെന്ന് ചാൻസലർ ആംഗല മെർക്കൽ മാധ്യമങ്ങളുമായി നടത്തിയ മുഖാമുഖത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ലോക്ക്ഡൗണ്‍ കാരണം സാന്പത്തിക മേഖല എത്തിപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി 130 ബില്യൺ യൂറോയുടെ ഉത്തേജക പാക്കേജിന് ഭരണ മുന്നണിയിലെ പാർട്ടികൾ അംഗീകാരം നൽകിയത് ഏറെ ഗുണകരമാവുമെന്ന് ജർമനിയിലെ വിവിധ കക്ഷികൾ പ്രതികരിച്ചു.

മൂല്യവർധിത നികുതി 19 ശതമാനത്തിൽനിന്ന് താത്കാലികമായി 16 ശതമാനമാക്കുന്നതും ചൈൽഡ് വെൽഫെയർ 300 യൂറോ വർധിപ്പിക്കുന്നതും ഇലക്ട്രിക് കാറുകൾക്കുള്ള സർക്കാർ റിബേറ്റ് ഇരട്ടിയാക്കുന്നതും ഇതിന്‍റെ ഭാഗമാണ്.

കാലാവസ്ഥാ വ്യതിയാനം തടയുക, രാജ്യത്തിന്‍റെ സന്പദ് വ്യവസ്ഥ ഡിജിറ്റൈസ് ചെയ്യുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി അന്പത് ബില്യൺ യൂറോയും വകയിരുത്തുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ