ഡിഎംഎ ഇടപെടൽ: അംബിക സനിലിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമായി
Friday, July 3, 2020 5:14 PM IST
ന്യൂ ഡൽഹി: കാൽറാ ആശുപത്രി നഴ്സ് അംബിക സനിലിന്‍റെ കുടുംബത്തിന് ഡൽഹി മലയാളി അസോസിയേഷൻ ഇടപെട്ടതിന്‍റെ പശ്ചാത്തലത്തിൽ ആശുപത്രി അധികൃതർ നഷ്ടപരിഹാരം നൽകി. അംബികക്ക് അർഹതപ്പെട്ട എല്ലാ ആനുകൂല്യങ്ങളും നൽകുമെന്നും മക്കളിൽ ആരെങ്കിലും ഒരാൾക്ക് ആവശ്യമെങ്കിൽ ജോലിയും നൽകാമെന്നും ഡോ. കാൽറാ വാഗ്ദാനം ചെയ്തു.

ഡോ. കാൽറയുമായി നടത്തിയ കൂടിക്കാഴ്ചകളിൽ ഡിഎംഎ കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്‍റ് കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, ട്രഷറർ മാത്യു ജോസ്, അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, രജൗരി ഗാർഡൻ ഏരിയ ചെയർമാൻ ഇ.ജെ. ഷാജി, സെക്രട്ടറി ഷാജികുമാർ, മോത്തിനഗർ ഏരിയ ചെയർമാൻ സതീഷ് ചന്ദ്രൻ, സെക്രട്ടറി സുനിൽ കുമാർ തുടങ്ങിയവരാണ് പങ്കെടുത്തത്.

മാനുഷിക പരിഗണനയോടെ ഡിഎംഎ ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്ക് അംബികയുടെ മക്കളായ അഖിൽ കുമാറും ഭാഗ്യമോളും ചെക്ക് ഏറ്റുവാങ്ങിയ ശേഷം നന്ദി പറഞ്ഞു.

കോവിഡ് മൂലം മരണപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന തുക അംബിക സനിലിന്‍റെ കുടുംബത്തിനു നേടിക്കൊടുക്കുന്നതിനുള്ള ശ്രമങ്ങൾ ഡിഎംഎയുടെ രജൗരി ഗാർഡൻ ഏരിയ കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും നടത്തിക്കൊണ്ടിരിക്കുകയാണന്ന് പ്രസിഡന്‍റ് കെ. രഘുനാഥ് അറിയിച്ചു.

റിപ്പോർട്ട്: പി.എൻ. ഷാജി