ഉര്‍സുലയുടെ ഇലക്ഷന്‍ റാലി: യൂറോപ്യന്‍ കമ്മീഷന്‍ മാപ്പ് പറഞ്ഞു
Wednesday, July 8, 2020 9:23 PM IST
ബ്രസല്‍സ്: ക്രൊയേഷ്യയില്‍ ഭരണകക്ഷി നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോന്‍ ഡെര്‍ ലെയ്ന്‍ പങ്കെടുത്ത നടപടിയിൽ കമ്മീഷന്‍ ഔദ്യോഗികമായി മാപ്പ് പറഞ്ഞു.

ഓണ്‍ലൈനായി നടത്തിയ റാലിയിലാണ് ഉര്‍സുലയുടെ വീഡിയോ സന്ദേശവും ഉള്‍പ്പെടുത്തിയിരുന്നത്. ക്രൊയേഷ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ തയാറാക്കിയ പരസ്യ പ്രചാരണത്തിനുള്ള വീഡിയോയുടെ ഭാഗമായിരുന്നിത്.

അയര്‍ലന്‍ഡിന്‍റെ മുന്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍, യൂറോപ്യന്‍ കൗണ്‍സിലിന്‍റെ മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ടസ്ക്, ജര്‍മന്‍ പ്രതിരോധ മന്ത്രി അന്നഗ്രെറ്റ് ക്രാമ്പ് കാറന്‍ബൗവര്‍, ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കര്‍സ് തുടങ്ങിയവരെല്ലാം വീഡിയോയില്‍ ഉള്‍പ്പെട്ടിരുന്നു.

സേഫ് ക്രൊയേഷ്യ എന്ന സന്ദേശം മാത്രമാണ് എല്ലാവരും നല്‍കിയിട്ടുള്ളത്. എന്നാല്‍, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഫ്ലാറ്റ്ഫോമില്‍ ഏതു തരത്തിലുള്ള സന്ദേശവും നല്‍കുന്നത് യൂറോപ്യന്‍ യൂണിയന്‍റെ അധികാര സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് നിയമപ്രകാരം നിഷിദ്ധമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ