ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ആദ്യശനിയാഴ്ച ധ്യാനവും ആരാധനയും ഓഗസ്റ്റ് ഒന്നു മുതൽ
Friday, July 31, 2020 10:25 PM IST
ബെർമിംഗ്ഹാം: പരിശുദ്ധ ദൈവമാതാവിന്‍റെ ഫാത്തിമ രഹസ്യത്തിനു പ്രത്യുത്തരമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ആദ്യശനിയാഴ്ച ധ്യാനത്തിന് തുടക്കമാകുന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്നു (ശനി) മുതൽ എല്ലാ ആദ്യശനിയാഴ്ചകളിലും രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ആരാധനയും ധ്യാനവും.

വിശുദ്ധ കുർബാന, തിരുമണിക്കൂർ ആരാധന, കരുണക്കൊന്ത, ജപമാല, ദൈവവചനപ്രഘോഷണം എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും.

പുതുതലമുറയുടെ ആത്മീയ വളർച്ചയിൽ വിമലഹൃദയ ഭക്തിക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ഇംഗ്ളീഷിലായിരിക്കും ശുശ്രൂഷകൾ നടക്കുക. ബെർമിംഗ്ഹാം സെന്‍റ് തെരേസ ദേവാലയത്തിൽ നിന്നും തത്സമയം സംപ്രേഷണം ചെയ്യുന്ന പരിപാടി രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും ലഭ്യമായിരിക്കും.

മാർ ജോസഫ് സ്രാന്പിക്കലിനൊപ്പം ഫാ. ആന്‍റണി പറങ്കിമാലിൽ വിസി , ഫാ. ജോയ് ചെഞ്ചേരിൽ എംസിബിഎസ് എന്നിവരും ശുശ്രൂഷയിൽ പങ്കുചേരും.

ഫാത്തിമരഹസ്യങ്ങളോട് ചേർന്നുനിന്നുകൊണ്ട് ലോകസമാധാനത്തിനും ആത്മാക്കളുടെ രക്ഷക്കുമായി പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ അഭയം തേടുവാൻ ശനിയാഴ്ച നടക്കുന്ന ഈ ശുശ്രൂഷയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

ശുശ്രൂഷകൾ തത്സമയം കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: www.youtu.be/aCp4V79CGcQ

റിപ്പോർട്ട്: ഫാ. ടോമി എടാട്ട്