ഹാലോവിൻ ആഘോഷങ്ങൾക്ക് അയർലൻഡ് ഒരുങ്ങി
Wednesday, October 28, 2020 7:49 PM IST
ഡബ്ലിൻ: ഹാലോവിൻ ആഘോഷങ്ങൾക്കായി അയർലൻഡ് ഒരുങ്ങി. കോവിഡ് പഞ്ചാത്തലത്തിൽ സർക്കാരിന്‍റെ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും ഇത്തവണ ആഘോഷങ്ങൾ.

ഒക്ടോബറിലെ അവസാന രാത്രിയാണ് ഹാലോവിൻ. ഗെയിലി കാലത്ത് പുരാതന ഐറിഷ് ഉൽസവമായ സാംഹെയിനിൽ നിന്നുമാണ് ഹാലോവിൻ ആഘോഷങ്ങൾ ഉടലെടുത്തത്. "ഓൾ ഹാലോവ്സ് ഡേ’ എന്ന പേരിൽ നവംബർ ഒന്നിനാണ് സകല വിശുദ്ധരുടേയും തിരുനാൾ. ഇതിനു തലേദിവസമായ ഒക്ടോബർ 31 ന് ആരംഭിക്കുന്ന ആഘോഷമായതിനാലാണ് ഇതിന് "ഹാലോവിൻ' എന്ന പേർ ലഭിച്ചത്. "ഓൾ ഹാലോവ്സ് ഈവ് ' എന്നതിന്‍റെ ചുരുക്കപ്പേരാണ് ഹാലോവിൻ.

പാതാളത്തിലുള്ളവർ ഭൂമിയിലേക്ക് വരുന്നതിനെ അനുസ്മരിക്കുന്നത് ആഘോഷത്തിന്‍റെ ഭാഗമാണ്. ഇതിന്‍റെ ഭാഗമായി കുട്ടികളും മുതിർവരും പ്രേതപിശാചുക്കളുടേയും മന്ത്രവാദികളുടേയും മറ്റും വേഷമണിയും. അന്നേ രാത്രി പടക്കം പൊട്ടിക്കുകയും ഉപയോഗശൂന്യമായവ തീയിടുകയും ചെയ്യും. കോസ്റ്റ്യൂം പാർട്ടി, ട്രിക്ക് ഓർ ട്രീറ്റ്, മത്തങ്ങയിൽ മുഖത്തിന്‍റെ വികൃത രൂപങ്ങളുണ്ടാക്കി ഇതിനുള്ളിൽ തിരി കത്തിച്ചു വയ്ക്കുക തുടങ്ങിയവ ആഘോഷത്തിന്‍റെ പ്രധാന ഭാഗമാണ്.

വീടുകളിൽ ആഘോഷങ്ങൾക്കിടെ പരന്പരാഗത ഹാലോവിൻ കേക്കായ ബാംബ്രാക്ക് മുറിക്കും.കേക്കിൽ ഓരോ തുണിക്കഷണവും കോയിനും മോതിരവും ഉണ്ടാകും. കേക്ക് കഴിക്കുന്നതിനിടെ തുണി ലഭിക്കുന്നയാൾക്ക് വരും വർഷങ്ങളിൽ സാന്പത്തിക അഭിവ്യദ്ധി അനിശ്ചിതത്തിലാവുമെന്നാണ് വിശ്വാസം. കോയിൻ ലഭിക്കുന്നയാൾ സമസ്ത മേഖലയിലും വിജയിയാവുമെന്നും മോതിരം ലഭിക്കുന്നയാൾക്ക് പ്രണയം ആസന്നമായെന്നുമാണ് ഐറിഷ് വിശ്വാസം.

ഹാലോവിന്‍റെ ഭാഗമായി രാജ്യത്ത് സ്കൂളുകൾക്ക് ഒരാഴ്ച അവധിയാണ്. ഹാലോവിൻ ഉത്ഭവസ്ഥലം അയർലൻഡാണെങ്കിലും ലോകത്ത് മറ്റിടങ്ങളിലും ഇത് ആഘോഷിക്കുന്നുണ്ട്. ചൈനയിൽ ഗോസ്റ്റ് ഫെസ്റ്റിവൽ എന്ന പേരിൽ ഇതിനു സമാനമായ ആഘോഷമുണ്ട്.

റിപ്പോർട്ട് :ജയ്സണ്‍ കിഴക്കയിൽ