കൊറോണ ഉച്ചകോടിയില്‍ മെര്‍ക്കലിനെതിരെ നേതാക്കള്‍
Tuesday, November 17, 2020 9:24 PM IST
ബര്‍ലിന്‍: കൊറോണ വ്യാപനത്തെതുടർന്നു ചാൻസലർ വിളിച്ചുചേർത്ത 16 സംസ്ഥാന മുഖ്യമന്ത്രിമാരുടെ വെർച്വൽ കൂടിക്കാഴ്ചയിലും അദ്ഭുതങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. അഞ്ചു മണിക്കൂര്‍ നീണ്ട ചര്‍ച്ചകളില്‍ ആംഗല മെര്‍ക്കല്‍ കൊണ്ടുവന്ന നിര്‍ദ്ദേശങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നേടാനായില്ല. കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ച മെര്‍ക്കലിന് എതിര്‍പ്പ് മാത്രമാണ് നേരിടേണ്ടി വന്നത്. എന്നാല്‍ സ്വകാര്യ ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം എന്ന നിര്‍ദ്ദേശത്തോട് എല്ലാവരും യോജിക്കുകയും ചെയ്തു.

ഒക്ടോബല്‍ 28 മുതലുള്ള രാജ്യത്തെ കൊറോണ നിജസ്ഥിതികള്‍ യോഗം വിലയിരുത്തി. നിലവില്‍ കൊറോണ വ്യാപനം സ്ഥിരത കൈവരിച്ചെന്നു വിശദീകരിച്ച മെര്‍ക്കല്‍, ഒരുലക്ഷം ആളുകള്‍ക്ക് 7 ദിവസത്തെ 50 എന്ന പകര്‍ച്ചാ അനുപാതം തന്നെ നിലനിര്‍ത്തി. ഡിസംബറിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അടുത്ത കൊറോണ ഉച്ചകോടി നവംബര്‍ 25 ന് നടക്കുമെന്നും അറിയിച്ചു. നിലവിലുള്ള നിയന്ത്രണ നടപടികള്‍ അയവുള്ളതാക്കാതെയും നടപടികള്‍ തല്‍ക്കാലം കൂടുതല്‍ കര്‍ശനമാക്കുന്നില്ലന്നും മെര്‍ക്കല്‍ ഉച്ചകോടിക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്തെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ ചാന്‍സലര്‍, നിലവിലെ സ്ഥിതി തുടരാന്‍ എല്ലാവരോടും അഭ്യര്‍ഥിച്ചു.സമ്പര്‍ക്ക നിയന്ത്രണങ്ങള്‍ വിജയത്തിന്‍റെ താക്കോലാണ്, അതുകൊണ്ടുതന്നെ വ്യക്തിഗത സന്പർക്കങ്ങൾ കുട്ടികളുമായി പോലും കൂടുതല്‍ പരിമിതപ്പെടുത്തണമെന്നും മെര്‍ക്കല്‍ അഭ്യര്‍ഥിച്ചു. സര്‍ക്കാരിന്‍റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് എല്ലാം ത്യജിക്കേണ്ടതുണ്ട് .ലൈറ്റ്" "ലോക്ക്ഡൗണ്‍ ഉപയോഗിച്ച് നവംബര്‍ 30 നുശേഷം കാര്യങ്ങള്‍ പുനരവലോകനം ചെയ്യുമെന്നും മെൽക്കൽ കൂട്ടിചേർത്തു.

ക്രിസ്മസ് സീസണിന്‍റേയും ശൈത്യകാലത്തിന്റെയും പ്രിവ്യൂവും നോക്കി തീരുമാനങ്ങള്‍ ഉണ്ടാകും."ഒരു ഇടക്കാല ബാലന്‍സിന്‍റെ മുന്നോടി മാത്രമായിരുന്നു ഇന്നത്തെ ഉച്ചകോടി.സ്കൂളുകളില്‍ കര്‍ശനമായ നിയമങ്ങളും ജലദോഷ ലക്ഷണമുള്ളവര്‍ എല്ലാവരും ക്വാറന്‍റൈന്‍ എടുക്കണമെന്ന മെര്‍ക്കലിന്‍റെ നിര്‍ദ്ദേവും ആരും ചെവിക്കൊണ്ടില്ല.

ജര്‍മനിയിലെ കൊറോണ റിസ്ക് ഗ്രൂപ്പുകള്‍ക്ക് സൗജന്യമായി മാസ്കുകള്‍ ലഭിക്കും.കൊറോ വ്യാപനവര്‍ദ്ധനവിന്‍റെ പശ്ചാത്തലത്തില്‍ പുതിയ ഓര്‍ഡിനന്‍സ് പ്രകാരം മാസ്കുകള്‍ സൗജനമായി ലഭ്യമാക്കാന്‍ സാധിയ്ക്കുമെന്ന് ഫെഡറല്‍ ആരോഗ്യ മന്ത്രാലയം ഉടനെ ഉത്തരവാകും.

വിശാലസഖ്യത്തിന്‍റെ പദ്ധതികള്‍ അനുസരിച്ച്, കൊറോണ വൈറസിനെതിരെ സൗജന്യമായി മാസ്ക് നല്‍കുന്നത് വയോജനങ്ങള്‍, നഴ്സിംഗ് ഹോം ജീവനക്കാര്‍ തുടങ്ങിയ റിസ്ക് ഗ്രൂപ്പുകള്‍ക്കായിരിയ്ക്കും. കൂടുതല്‍ കൊറോണ പ്രതിസന്ധി നടപടികളെക്കുറിച്ചുള്ള പുതിയ നിയമത്തില്‍ ആസൂത്രിതമായ ഭേദഗതി വരുത്തി ബുധനാഴ്ച ബുണ്ടെസ്ററാഗും ബുണ്ടെസ് റാറ്റും അംഗീകരിക്കുമ്പോള്‍ ഈ നിയമം പ്രാബല്യത്തിലാവും.

അടുത്ത ക്രിസ്മസ് എങ്ങനെയെങ്കിലും ആഘോഷമാക്കണമന്നൊണ് സര്‍ക്കാര്‍ ചിന്ത. എന്നാല്‍ നിലവിലെ അണുബാധകരുടെ എണ്ണം ഏറ്റവും കുറഞ്ഞാല്‍ മാത്രമേ അതു സാദ്ധ്യമാവുകയെന്നും ചാന്‍സലര്‍ കാര്യാലയം കണക്കുകൂട്ടുന്നു.

ജര്‍മനിയില്‍ കോവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗത്തിന്‍റെ ശക്തി കുറഞ്ഞു വരുന്നതായി സൂചനകള്‍ ലഭിച്ചു തുടങ്ങി. എന്നിരുന്നാലും ആഗോളതലത്തില്‍ കൊറോണപ്പട്ടികയില്‍ നിലവില്‍ ജര്‍മ്മനിയുടെ സ്ഥാനം പതിമൂന്നാം സ്ഥാനത്താണ്. അണുബാധ നിരക്ക് 1,03 എന്ന അനുപാതത്തിലാണ് നില്‍ക്കുന്നത്. ആകെയുള്ള രോഗബാധിതരുടെ എണ്ണം 7,97,804 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,824 പുതിയ കേസുകളും 62 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. രാജ്യത്താകെ 12,654 ആളുകളാണ് ഇതുവരെ മരിച്ചത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ