ലണ്ടന്‍ ഇന്‍റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിൽ ദൂരദര്‍ശന്‍ ആര്‍ട്ടിസ്റ്റുകളായ രഞ്ജിനിയും കൃഷ്ണപ്രിയയും
Saturday, December 5, 2020 7:48 AM IST
ലണ്ടൻ: കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ നടത്തി വരുന്ന ഇന്‍റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവൽ പ്രേക്ഷകര്‍ക്ക് ആവേശംപകര്‍ന്ന് നാലാം വാരത്തിലേയ്ക്ക് കടക്കുന്പോൾ, ദൂരദര്‍ശനിലെ ഗ്രേഡഡ് ആര്‍ട്ടിസ്റ്റുകളായ രഞ്ജിനി നായരുംകൃഷ്ണപ്രിയ നായരും ചേര്‍ന്ന് അവതരിപ്പിക്കുന്ന മോഹിനിയാട്ടത്തിന്‍റെ യും കുച്ചിപ്പുടിയുടേയും മാസ്മരിക നൃത്തവിരുന്നാണ് ഡിസംബർ ആറിന് പ്രേക്ഷകരെ കാത്തിരിക്കുന്നത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്‌തനര്‍ത്തകര്‍ "വീ ഷാല്‍ ഓവര്‍കം' ഫേസ്ബുക്ക് പേജിലൂടെ ലൈവ് നൃത്തം അവതരിപ്പിച്ചു വരുന്നതിലെ പ്രഫഷണല്‍ സെഗ്​മെന്‍റിലാണ് ഇരുവരും ഒത്തുചേരുന്നത്. പ്രശസ്ത ചലച്ചിത്ര താരവും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി ഉദ്ഘാടനം നിര്‍വഹിച്ച ഈ അന്താരാഷ്ട്ര നൃത്തോത്സവത്തില്‍ ഇതിനോടകം നൃത്തം അവതരിപ്പിച്ചത് പ്രമുഖ നര്‍ത്തകരായ ജയപ്രഭ മോനോന്‍ (ഡല്‍ഹി), ഗായത്രി ചന്ദ്രശേഖര്‍ (ബംഗളുരു), സന്ധ്യമനോജ് (മലേഷ്യ) എന്നിവരാണ്. ആദ്യമായിട്ടാണ് പ്രഫഷണല്‍ സെഗ്​മെന്‍റില്‍ രണ്ട് വ്യത്യസ്തനൃത്തവിഭാഗങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. ദേശീയ-അന്താരാഷ്ട്ര തലത്തില്‍ വിവിധ വേദികളില്‍ നൃത്തമവതരിപ്പിച്ച് പ്രേക്ഷകരുടെ മനംകവര്‍ന്ന ശ്രദ്ധേയമായ പ്രകടനം കാഴ്ച്ച വച്ചിട്ടുള്ളവരാണ് രഞ്ജിനിയും കൃഷ്ണപ്രിയയും.

"ഇന്ത്യന്‍ ശാസ്ത്രീയ നൃത്തം എങ്ങനെയാണ് അതിന്‍റെ രാഷ്ട്രീയ-സാമൂഹിക ഭാഷ നിരന്തരം ചര്‍ച്ച ചെയ്യുന്നത്' എന്ന വിഷയത്തില്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിയാണ് കുച്ചിപ്പുടിനര്‍ത്തകിയായ രഞ്ജിനി നായര്‍. ഇന്ത്യയെ പ്രതിനിധീകരിച്ച് പോളണ്ടും സ്ലോവാക്യയും ഉള്‍പ്പെടെയുള്ള കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ 2017, 2018, 2019 വര്‍ഷങ്ങളില്‍ പര്യടനം നടത്തി വിവിധ വേദികളില്‍ നൃത്തംഅവതരിപ്പിക്കുയും അവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തെ സംബന്ധിച്ച് ക്ലാസുകളെടുക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റേയും ഡല്‍ഹി സര്‍ക്കാരിന്‍റേയും സ്കോളര്‍ഷിപ്പുകള്‍ വാങ്ങി നൃത്തപഠനം നടത്തുന്നതില്‍ മികവ് പുലര്‍ത്തുന്നതിനൊപ്പമാണ് ദൂരദര്‍ശനിലെ ഗ്രേഡഡ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലുമെത്തിയത്. രഞ്ജിനി പഠിച്ച ഡല്‍ഹി ലേഡി ശ്രീറാം കോളജ് ശാസ്ത്രീയ നൃത്തത്തിലെ മികവിവും നല്‍കിയ സംഭാവനകളും പരിഗണിച്ച് പ്രത്യേക പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ഈജിപ്തില്‍ നടന്ന നൈല്‍ഫെസ്റ്റിവല്‍, രാജ്യത്തെ പ്രമുഖ നൃത്തോത്സവങ്ങളായ ഡല്‍ഹി, ഖജുരാവോ, കൊണാര്‍ക്ക് എന്നിവിടങ്ങളില്‍ നടന്ന അന്താരാഷ്ട്ര നൃത്തോത്സവങ്ങള്‍ ഉള്‍പ്പെടെ അനവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. സീത നാഗജ്യോതിയുടെ കീഴില്‍ നൃത്തം അഭ്യസിച്ച് തുടങ്ങിയ രഞ്ജിനി രാജ്യത്തെ കുച്ചിപ്പുടി നര്‍ത്തകര്‍ എന്ന നിലയില്‍ പ്രശസ്ത ദമ്പതികളായ പത്മശ്രീ ഗുരു ജയരാമ റാവു - ഗുരു വനശ്രീ റാവു എന്നിവരുടെ കീഴിലാണ് തുടര്‍പരിശീലനം നടത്തിയത്.


കേരളത്തിന്‍റെ തനത് നൃത്തരൂപമായ മോഹിനിയാട്ടം അബുദാബി അന്താരാഷ്ട്ര നൃത്തോത്സവത്തിനും ഡല്‍ഹിയിലെ റിപ്പബ്ലിക്ക് ദിനാഘോഷത്തിലുമെല്ലാം അവതരിപ്പിച്ച് ശ്രദ്ധേയയായിട്ടുള്ള നര്‍ത്തകിയാണ് കൃഷ്ണപ്രിയ നായര്‍. കഴിഞ്ഞ എട്ട് വര്‍ഷമായി ഡല്‍ഹി ഇന്‍റര്‍നാഷണല്‍ അക്കാദമി ഫോര്‍ മോഹിനിയാട്ടം ഡയറക്ടര്‍ ഡോ. ജയപ്രഭ മേനോന് കീഴില്‍ നൃത്തം അഭ്യസിച്ച് വരുന്നു. ദൂരദര്‍ശനിലെ ഗ്രേഡഡ് ആര്‍ട്ടിസ്റ്റ് എന്നതിനൊപ്പം തന്നെ കേരളാ ടൂറിസവുമായും സഹകരിച്ച് നിരവധി പരിപാടികള്‍ ഇതിനോടകം ചെയ്തിട്ടുണ്ട്.


കര്‍ണാടകത്തിലെ ഹംപി ഡാന്‍സ് ഫെസ്റ്റിവല്‍, യുപിയിലെ ലക്നോ അന്താരാഷ്ട്ര ചലച്ചിത്ര-നൃത്ത ഉത്സവം, ഡല്‍ഹി ഇന്‍റര്‍നാഷണല്‍ ആര്‍ട്ട്സ് ഫെസ്റ്റിവല്‍, മധ്യപ്രദേശിലെ ഇൻഡോര്‍ ആദി ശങ്കരാചാര്യ ഏകാത്മ പരമ്പര, ചണ്ഡിഗഡിലെ ഹരിയാനാ ദിവസ് എന്നിങ്ങനെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന നൃത്തപരിപാടികളിലും മോഹിനിയാട്ടം അവതരിപ്പിച്ച് ശ്രദ്ധനേടി.

വിവിധ വിഭാഗങ്ങളിലായാണ് ഈ രാജ്യാന്തര നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ വിഭാഗമായ പ്രഫഷണല്‍ സെഗ്മന്‍റില്‍ ലോകത്തിലെ അറിയപ്പെടുന്ന പരിചയ സമ്പന്നരായ നര്‍ത്തകരുടെ പെര്‍ഫോമന്‍സും പ്രേക്ഷകരുമായുള്ള സംവാദവുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

രണ്ടാമത്തെ സെഗ്മെന്‍റായ ബ്ളൂമിംഗ് ടാലെന്‍റ്സില്‍ വളര്‍ന്നു വരുന്ന നര്‍ത്തകരുടെ പെര്‍ഫോമന്‍സാണ്. ടോപ്ടാലെന്‍റ്സ് സെഗ്മെന്‍റില്‍ കഴിവുറ്റ നര്‍ത്തകരുടെ നൃത്ത പ്രകടനമാണ്.

ഇന്‍റര്‍നാഷണല്‍ സെഗ്മെന്‍റില്‍ ലോകത്തിലെ വിവിധ തരത്തിലുള്ള നൃത്ത രൂപങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍പരിചയപ്പെടുത്തുന്നു.

വൈറല്‍വിഭാഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ നൃത്ത വിഡിയോകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍അവതരിപ്പിക്കുന്നു.

ഈ ആഴ്‌ചത്തെ നൃത്തോത്സവത്തിൽ ടോപ്പ് ടാലെന്‍റ്സ് ബോളിവുഡ് വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ ഡാൻസ് ഗ്രൂപ്പും അക്കാഡമിയുമായ ജെഎസ് ഡാൻസ്‌ കമ്പനി കോഴിക്കോട്‌ അവതരിപ്പിക്കുന്ന ബോളിവുഡ് സിനിമാറ്റിക് നൃത്തങ്ങളും. ബ്ലൂമിങ് ടാലെന്‍റ്സ് വിഭാഗത്തിൽ ലണ്ടനിൽ നിന്നുള്ള കുഞ്ഞു നർത്തകനായ തേജസ് ബൈജുവിന്‍റെ സോളോ പെർഫോമൻസുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചകളിലെ നൃത്തോത്സവം കാണാന്‍ www.fb.watch/291WXqK48L ഇവിടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് യുകെ സമയം മൂന്നു (ഇന്ത്യന്‍ സമയം രാത്രി 8.30ന്) മുതല്‍ കലാഭവന്‍ലണ്ടന്‍റെ "വീ ഷാല്‍ ഓവര്‍കം' ഫേസ്ബുക്ക് പേജില്‍ ലൈവ് ലഭ്യമാകും. യുകെയിലെ കലാസാംസ്കാരികരംഗത്തെ നിറസാന്നിധ്യമായ ദീപ നായരാണ് പരിപാടി അവതരിപ്പിക്കുന്നത്.

കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി കെ.എസ്. പ്രസാദ്, കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജയ്സണ്‍ ജോര്‍ജ്, കോര്‍ഡിനേറ്റര്‍മാരായ റെയ്‌മോള്‍ നിധീരി, ദീപ നായര്‍, സാജു അഗസ്റ്റിന്‍, വിദ്യാ നായര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് ഈ രാജ്യാന്തര നൃത്തോത്സവത്തിന് നേതൃത്വം നല്‍കുന്നത്. യുകെയിലെ പ്രമുഖ എഡ്യൂക്കേഷന്‍ കമ്പനിയായ ട്യൂട്ടര്‍ വേവ്സ്, അലൈഡ് മോര്‍ട്ടഗേജ് സര്‍വീസസ്‌, മേരാകീ ബൊട്ടീക്, പാലാ, രാജു പൂക്കോട്ടില്, ഷീജാസ് ഐടി മാൾ കൊച്ചി ‍ തുടങ്ങിയവരാണ് പരിപാടിയുടെ സ്പോൺസർമാർ.

ഈ രാജ്യാന്തര നൃത്തോത്സവത്തില്‍ വിവിധ വിഭാഗങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നര്‍ത്തകര്‍ ടീംഅംഗങ്ങളുമായി ബന്ധപ്പെടുക.

www.kalabhavanlondon.com

Email: [email protected]