കുഞ്ഞുങ്ങള്‍ക്കു പകരം വളര്‍ത്തുജീവികള്‍: സ്വാര്‍ഥതയെന്നു മാര്‍പാപ്പ
Wednesday, January 12, 2022 12:05 PM IST
വത്തിക്കാന്‍ സിറ്റി: കുഞ്ഞുങ്ങള്‍ വേണ്ടെന്നുവച്ച് പകരം വളര്‍ത്തുമൃഗങ്ങളെ ദത്തെടുക്കുന്നത് സ്വാര്‍ഥതയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സമൂഹത്തില്‍ കുട്ടികളുടെ സ്ഥാനം വളര്‍ത്തുജീവികള്‍ ഏറ്റെടുക്കുന്ന സ്ഥിതിയാണ് പലപ്പോഴുമുള്ളതെന്ന് രക്ഷാകര്‍തൃത്വത്തെക്കുറിച്ച് വത്തിക്കാനില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

ഒരുതരത്തിലുള്ള സ്വാര്‍ഥതയാണ് നമ്മള്‍ കാണുന്നത്. ചിലര്‍ക്ക് കുട്ടികളെ വേണ്ട. ചിലര്‍ ഒരു കുട്ടി മതിയെന്നുവയ്ക്കുന്നു. പക്ഷേ, അവര്‍ക്ക് കുട്ടികളുടെ സ്ഥാനത്ത് പട്ടികളും പൂച്ചകളുമുണ്ടാകും. ഞാന്‍ പറയുന്നത് ആളുകളെ ചിരിപ്പിക്കുമായിരിക്കാം. പക്ഷേ, ഇതാണ് യാഥാര്‍ഥ്യം. മാതൃത്വവും പിതൃത്വവും നിഷേധിക്കുന്നത് നമ്മെ തകര്‍ക്കും. മനുഷ്യരാശിയെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യപരമായ കാരണങ്ങളാല്‍ കുട്ടികളുണ്ടാവാത്തവര്‍ ദത്തെടുക്കല്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാകര്‍തൃത്വത്തിലേക്ക് കടക്കാന്‍ ഭയപ്പെടേണ്ടതില്ല. ഒരു കുട്ടിയുണ്ടാകുന്നത് എപ്പോഴും അപകടമാണ്. എന്നാല്‍, കുട്ടികളുണ്ടാവാതിരിക്കുന്നതിലാണ് കൂടുതല്‍ അപകടസാധ്യതയെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ വേണ്ടെന്നുവയ്ക്കുന്നതുകാരണം പല രാജ്യങ്ങളും ജനസംഖ്യാ പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്കുപകരം വളര്‍ത്തുജീവികളെ വയ്ക്കുന്നത് സംസ്കാരത്തിന്‍റെ പതനമാണെന്ന് 2014- ലും മാര്‍പാപ്പ പറഞ്ഞിരുന്നു.

അതേസമയം മാര്‍പാപ്പയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ഒട്ടേറെ മൃഗസ്നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്.

ജോസ് കുമ്പിളുവേലില്‍