മലയാളി യുവതി ലണ്ടനിൽ മരിച്ചു
Wednesday, May 4, 2022 1:23 PM IST
അപ്പച്ചൻ കണ്ണഞ്ചിറ
എൻഫീൽഡ്: മലയാളി യുവതി ലണ്ടനിൽ പൊള്ളലേറ്റു മരിച്ചു. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ ഗുരുതരമായി പൊള്ളലേറ്റു ആശുപത്രിയിൽ മൂന്നാഴ്ചയോളം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കോഴിക്കോടു സ്വദേശിനി നിഷാ ശാന്തകുമാർ (49) ആണ് മരിച്ചത്. പാചകം ചെയ്യുന്നതിനിടയിൽ തിളച്ച എണ്ണ ദേഹത്തു വീണതാണ് മരണത്തിനു കാരണമായതെന്നു ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

മലയാളി കമ്മ്യുണിറ്റികളിലും പാരീഷിലും വളരെയേറെ അടുപ്പം പുലർത്തിയ കുടുംബമായിരുന്നു ശാന്തകുമാറിന്‍റേത്. എൻഫീൽഡിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളും സുഹൃത്തുക്കളും കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കു ചേരുവാനും സഹായ സഹകരണങ്ങളുമായി കൂടെയുണ്ട്.

എൻഫീൽഡിൽ എത്തിയിട്ട് പതിനഞ്ചു വർഷത്തോളമായ നിഷ കുട്ടികൾക്കും വീട്ടുകാര്യങ്ങൾക്കുമായി സമയം കണ്ടെത്താനായി ജോലിക്കു പോയിരുന്നില്ല. വെല്ലൂർ സ്വദേശിയായ ഭർത്താവ് ശാന്തകുമാർ എംആർ ഐ സ്കാനിംഗ് ഡിപ്പാർട്ട്മെന്‍റ് സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയാണ്. സ്നേഹ (പ്ലസ് വൺ), ഇഗ്ഗി (ഒമ്പതാം ക്ലാസ്) എന്നിവരാണ് മക്കൾ.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി, വേണ്ടപ്പെട്ടവരെ നാട്ടിൽ നിന്നും എത്തിക്കുവാനും അന്ത്യോപചാര ശുശ്രൂഷകൾ നടത്തി എൻഫീൽഡിൽ തന്നെ അന്ത്യ വിശ്രമം ഒരുക്കുവാനുമാണ് കുടുംബത്തിന്‍റെ ആഗ്രഹം.