കാലാവസ്ഥ വ്യതിയാനം; ആഗോള നടപടികൾ ആവശ്യപ്പെട്ട് വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ചു
Saturday, March 16, 2019 6:53 PM IST
ന്യൂയോര്‍ക്ക്: കാലാവസ്ഥ വ്യതിയാനത്തിനെതിരെ ആഗോള ശ്രദ്ധ തിരിച്ചുവിടുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടു വരണമെന്ന് ആവശ്യപ്പെട്ട് ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു പ്രകടനം നടത്തി.

മാര്‍ച്ച് 15നാണ് ആഗോള പ്രതിഷേധ ദിനമായി ആചരിക്കാന്‍ വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ ആഹ്വാനം നല്‍കിയിരുന്നത്.ഇതിന്‍റെ ഭാഗമായി ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, വിസ്‌കോണ്‍സിന്‍ തുടങ്ങിയ സംസ്ഥാന തലസ്ഥാനങ്ങളില്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി.

ക്ലൈമറ്റ് ചെയ്ഞ്ചാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷിണിയെന്ന് മാഡിസണില്‍ നടന്ന പ്രകടനത്തിന് നേതൃത്വം നല്‍കിയ മാക്‌സ് പ്രിസ്റ്റി പറഞ്ഞു. 'ഗ്രീന്‍ ന്യൂ ഡീല്‍' വേണമെന്ന ആവശ്യമാണ് യുഎസിൽ സമരം സംഘടിപ്പിക്കുന്ന യുഎസ് ചില്‍ഡ്രന്‍സ് ആൻഡ് റ്റീനേജേഴ്‌സിന്റെ ആവശ്യം. രാഷ്ട്രീയ പാര്‍ട്ടികളും മുതിര്‍ന്നവരും ഈ ഗൗരവമേറിയ സംഭവത്തില്‍ ആവശ്യമായ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നതാണ് കുട്ടികള്‍ ഇതിന്‍റെ നേതൃത്വം ഏറ്റെടുക്കുവാന്‍ കാരണം. ആറ് രാജ്യങ്ങളിലാണ് മാര്‍ച്ച് 15ന് വിദ്യാര്‍ഥികള്‍ പ്രകടനം സംഘടിപ്പിച്ചത്.

പ്രസിഡന്‍റ് ട്രംപിന്‍റെ നിലപാട് ക്ലൈമറ്റ് ചെയ്ഞ്ച് എന്ന ആവശ്യത്തിനെതിരാണെന്നും അത് തിരുത്തണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ