കാതോലിക്കാ ബാവയ്ക്കു ജെഎഫ്കെ എയര്‍പോര്‍ട്ടില്‍ ഉജ്വല സ്വീകരണം
Saturday, July 13, 2019 7:10 PM IST
ന്യൂയോര്‍ക്ക്: ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും കിഴക്കിന്‍റെ കതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവയ്ക്ക് ജെഎഫ് കെന്നഡി വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം നല്കി.

എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ ബാവായെ, ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സഭയുടെ ഫിനാന്‍സ് കമ്മിറ്റി പ്രസിഡന്‍റ് ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത, വൈദീക ട്രസ്റ്റി ഫാ. ഡോ. എം.ഒ.ജോണ്‍, അത്മായ ട്രസ്റ്റി ജോര്‍ജ് പോള്‍ തുടങ്ങിയവരും ബാവായെ അനുഗമിക്കുന്നുണ്ട്.

സ്വീകരണത്തില്‍ ഭദ്രാസന സെക്രട്ടറി റവ. ഡോ. വര്‍ഗീസ് ഡാനിയല്‍, കൗണ്‍സിൽ അംഗം ഫാ. മാത്യു തോമസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോയി എണ്ണശേരില്‍, ജോ ഏബ്രഹാം, മുന്‍ മാനേജിംഗ് കമ്മിറ്റി അംഗം പോള്‍ കറുകപ്പിള്ളില്‍, കൗണ്‍സില്‍ അംഗങ്ങളായ സജി എം. പോത്തന്‍, സാജന്‍ മാത്യു, സന്തോഷ് മത്തായി, വെരി റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ, എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു

മട്ടണ്‍ടൗണിലുള്ള ഭദ്രാസന അരമനയില്‍ വിശ്രമിക്കുന്ന ബാവാ, ശനിയാഴ്ച രാവിലെ ന്യൂജേഴ്‌സിയിലെ ലിന്‍ഡന്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ എത്തിച്ചേരും. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അവിടെ നടക്കുന്ന കാതോലിക്കാ ദിനാചരണ ചടങ്ങുകളില്‍ അധ്യക്ഷത വഹിക്കും. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള വൈദികരും പ്രതിനിധികളും പങ്കെടുക്കുന്ന യോഗത്തില്‍ കാതോലിക്കാ ദിന വിഹിതം ഏറ്റുവാങ്ങും.

തുടര്‍ന്നു തിരികെ അരമനയിലെത്തുന്ന ബാവാ, ഞായറാഴ്ച രാവിലെ സഫേണ്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് പ്രധാന കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന ഇടവകയുടെ 20ാം വാര്‍ഷികാഘോഷങ്ങളിലും വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കും.

വൈകുന്നേരത്തോടെ അരമനയില്‍ തിരിച്ചെത്തുന്ന ബാവയും സംഘവും 6 മണിക്കുള്ള നമസ്ക്കാരത്തെ തുടര്‍ന്ന് ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുമായും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുമായും ആശയവിനിമയം നടത്തും.

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലുള്ള ശ്ലൈഹിക സന്ദര്‍ശനം അവസാനിപ്പിച്ച് സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലേക്ക് പോകുന്ന ബാവാ, ജൂലൈ 15 ന് ഫ്‌ളോറിഡയിലും 16 മുതല്‍ 22 വരെ ഷിക്കാഗോയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്‍റെ ഉദ്ഘാടന കര്‍മവും നിര്‍വഹിക്കും. ജൂലൈ 23 ന് ബാവാ, കേരളത്തിലേയ്ക്ക് മടങ്ങും.

വിവരങ്ങള്‍ക്ക് : 7184709844.

റിപ്പോർട്ട്:ജോയിച്ചൻ പുതുക്കുളം