ചില്ലവിരിക്കുന്നതിനൊപ്പം....
Thursday, July 18, 2019 8:34 PM IST
ചോരപുരണ്ടൊരു ചൂണ്ടുവിരലുയര്‍ത്തി അയാള്‍ ആവേശത്തോടെ സംസാരിച്ചതൊക്കെയും യേശു എന്ന തന്‍റെ ഗുരുവി നെക്കുറിച്ചായിരുന്നു, അവന്‍റെ മൊഴികളുടെ മാധുര്യത്തെക്കുറിച്ചായിരുന്നു, അവന്‍ പകര്‍ന്ന പ്രത്യാശയെക്കുറിച്ചായിരുന്നു. മരണമുഖത്തു പോലും അവന്‍ പുലര്‍ത്തിയ ധീരതയെക്കുറിച്ചും അമാനുഷികവും ദൈവികവുമായ മൗനത്തെക്കുറിച്ചുമായിരുന്നു. അവന്‍റെ കാരുണ്യത്തെയും ആര്‍ദ്രതയെയും കുറിച്ചായിരുന്നു. സമൂഹത്തിന്‍റെ ഓരം ചേര്‍ന്ന് സ്വര്‍ഗത്തിലേക്ക് അവന്‍ നടന്നു പോയ വഴികളെക്കുറിച്ചായിരുന്നു, അവന്‍റെ ഉഥാനത്തെക്കുറിച്ചായിരുന്നു, "എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ' എന്ന ചങ്കുകീറിയ തന്‍റെ നിലവിളിയെക്കുറിച്ചായിരുന്നു.

അവയെല്ലാം സാകൂതം കേട്ടുകൊണ്ടിരുന്ന ആ ചെറിയ ആള്‍ക്കൂട്ടത്തിന്‍റെ കണ്ണുകളിലെ തിളക്കവും മുഖത്തിന്‍റെ പ്രസന്നതയും ഹൃദയത്തിലെ ആരാധനയും അയാള്‍ കണ്ടു. ക്രിസ്തു അവരുടെ മനസുകളില്‍ സന്നിവേശിക്കുന്നത് അയാളറിഞ്ഞു. താന്‍ രൂപപ്പെടുത്തുന്നത് പുളിമാവാണെന്നും ഇവരുടെ കാതുകളില്‍ താന്‍ മന്ത്രിക്കുന്നത് നാളെ മലമുകളില്‍ നിന്ന് പ്രഘോഷിക്കപ്പെടുമെന്നും അയാള്‍ക്ക് നിശ്ചയമുണ്ടായിരുന്നു.

ക്രിസ്തുവില്‍ കോര്‍ക്കപ്പെട്ട ഒരു കൊച്ചു സമൂഹത്തിന് അയാള്‍ കൈമാറിയ വിശ്വാസ പൈതൃകം ആ ചെറിയ ചുറ്റുവട്ടങ്ങളില്‍ നിന്ന് ഒരു ദേശം മുഴുവന്‍ വ്യാപിക്കുന്നതും പിന്നെ ആകാശത്തിന്‍റെ തേരേറി ഏഴുകടലുകള്‍ക്കുമപ്പുറത്തേക്ക് വളരുന്നതും നമ്മള്‍ കണ്ടു. തൊട്ടറിഞ്ഞതിന്‍റെ തീവ്രതയോടെ തോമസ് പകര്‍ന്നു നല്‍കിയ ക്രിസ്തുവിനെ അതേ തീവ്രതയില്‍ ഏറ്റുവാങ്ങിയ ഒരു ഗണം അതിന്‍റെ ശോഭ തെല്ലും കുറയാതെ നമ്മുടെ കരങ്ങളില്‍ ഭദ്രമായി ഭരമേല്‍പിച്ചിട്ടാണ് സ്വര്‍ഗവാസത്തിനു പുറപ്പെട്ടത്.

വിശ്വാസദീപമേന്തിയുള്ള അവരുടെ പ്രയാണത്തില്‍ കൂറ്റന്‍ തിരമാലകളടിച്ചിട്ടുണ്ട്, കൊടുങ്കാറ്റുകള്‍ വീശിയിട്ടുമുണ്ട്. അവയ്‌ക്കെല്ലാം മധ്യേ തിരിനാളത്തിനൊരു കൈക്കുമ്പിളിന്‍റെ മറയെന്നതുപോലെ പ്രാണനില്‍ പൊതിഞ്ഞ് നമ്മുടെ പൂര്‍വപിതാക്കള്‍ കാത്ത വിശ്വാസമാണിത്. പ്രാണനേക്കാള്‍ പ്രിയതരമായി അവര്‍ കരുതിയതൊന്നും നമ്മുടെ കരങ്ങളിലിരുന്ന് കരിന്തിരി കത്തുകയോ കെട്ടു പോവുകയോ ചെയ്തുകൂടാ. ദൈവാനുഭവത്തിന്‍റെ നിറവില്‍ നിന്നുകൊണ്ട് വരും തലമുറകള്‍ നമ്മെക്കുറിച്ചും അഭിമാനം കൊള്ളത്തക്കവിധം ക്രിസ്തുവിന്‍റെ പ്രേഷിതരായി നാം തീരണം. മാര്‍ത്തോമാശ്ലീഹാ പകര്‍ന്നു നല്‍കിയതും പൂര്‍വപിതാക്കളിലൂടെ കൈമാറിക്കിട്ടിയതും നാം ചെറുപ്പം മുതലേ പരിചയിച്ചു പോന്നതുമായ വിശ്വാസ പാരമ്പര്യങ്ങള്‍ ഭാരതത്തിനു പുറത്ത്, നിയതമായ സഭാ സംവിധാനങ്ങളോടുകൂടെ, അതിന്‍റെ പൂര്‍ണതയില്‍ ജീവിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ ജനതയാണ് നാം.

ക്രാന്തദര്‍ശനത്തോടെയുള്ള സീറോ മലബാര്‍ സഭയുടെ ധീരമായ ആ ചുവടുവയ്പിന് ഇപ്പോള്‍ പതിനെട്ടാണ്ടുകളുടെ ഇഴബലം. അനിശ്ചിതത്വങ്ങളുടെ നടുവില്‍ ആത്മവിശ്വാസത്തോടെ ഇങ്ങനെയൊരു രൂപത സ്ഥാപിക്കുമ്പോള്‍ മാതൃസഭ നമ്മിലര്‍പ്പിച്ച വിശ്വാസം അഭംഗുരം പാലിക്കാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് നാം. ലോകത്തിന്‍റെ നെറുകയില്‍ സീറോ മലബാര്‍ സഭ ചാര്‍ത്തിയ തിലകക്കുറിയാണ് ഷിക്കാഗോ രൂപത. പാല്‍നിലാവുപോലെ അത് പ്രശോഭിക്കുമ്പോള്‍ സഭ ആര്‍ജിക്കുന്ന ആത്മവി ശ്വാസവും കരുത്തും ചെറുതല്ല. മാര്‍ത്തോമാശ്ലീഹായിലൂടെ കരഗതമായ വിശ്വാസ പാരമ്പര്യങ്ങളോട് അമേരിക്കന്‍ കുടിയേറ്റ ജനതയ്ക്കുള്ള അടങ്ങാത്ത അഭിനിവേശമാണ് ഈ വിജയഗാഥയ്ക്ക് പിന്നില്‍. ഈ വിജയഗാഥയില്‍ ഇനിയും മിഴിവാര്‍ന്ന വരികള്‍ കുറിക്കാന്‍ സജ്ജമായ ഒരു യുവതലമുറ ഉണ്ടെന്നത് രൂപതയ്ക്ക് ഇനിയും മാറ്റേറും എന്നതിനുള്ള ഉറപ്പാണ്.

വിശ്വാസ വിരുദ്ധ സിദ്ധാന്തങ്ങള്‍ക്ക് വശപ്പെട്ടുപോകാതെ ദൈവാനുഭവത്തില്‍ ബലപ്പെട്ടവരാകുക എന്നത് പ്രധാനമാണ്. അനുഭവങ്ങളുടെ ആഴമാണ് പ്രഘോഷണത്തിന് കരുത്ത്. നമ്മള്‍ വിത്തുകളാണ്... വടവൃക്ഷങ്ങളാകാന്‍മാത്രം സാധ്യതകളെ ഉള്ളില്‍ നിറച്ച് ദൈവം വിതച്ച വിത്ത്... ചില്ല വിരിക്കുന്നതിനൊപ്പം വേരുകള്‍ക്കാഴമുണ്ടെന്നുകൂടി ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു. അതിന് വരാനിരിക്കുന്ന സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ കാരണമാകട്ടെ.... അങ്ങനെ സഭയുടെ ആത്മീയ ചൈതന്യം നമ്മില്‍ വിരിയുന്ന പുഷ്പ സുഗന്ധമായ് ഈ വന്‍കരയാകെ വ്യാപിക്കട്ടെ...

മാർ ജോയ് ആലപ്പാട്ട്
(ഷിക്കാഗോ സീറോ മലബാർ രൂപതാ സഹായ മെത്രാൻ,
സീറോ മലബാർ ദേശീയ കൺവൻഷൻ 2019, ജനറൽ കൺവീനർ)