ഇൽഹൻ ഒമറിനും റഷീദാ റ്റലൈബിനും ഇസ്രയേൽ സന്ദർശനാനുമതി നിഷേധിച്ചു
Friday, August 16, 2019 9:23 PM IST
വാഷിംഗ്ടൺ ഡിസി: യുഎസ് കോൺഗ്രസിലെ ഡെമോക്രാറ്റിക് വനിതാ അംഗങ്ങളായ ഇൽഹൻ ഒമറിനും റഷീദാ റ്റലൈബിനും ഇസ്രയേൽ സന്ദർശിക്കുന്നതിനുള്ള അനുമതി നിഷേധിച്ചു. വ്യാഴാഴ്ച ക്യാബിനറ്റ് മീറ്റിനു ശേഷം ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ആണ് മാധ്യമങ്ങളെ വിവരം അറിയിച്ചത്.

ഞായറാഴ്ചയാണ് ഇരുവരും ഇസ്രയേൽ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നത്. പ്രസിഡന്‍റ് ട്രംപിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്ന യുഎസ് കോൺഗ്രസ് വനിതാ പ്രതിനിധികളായ ഇരുവരുടേയും സന്ദർശാനുമതി നിഷേധിക്കുന്നതിനു ഇസ്രയേൽ പ്രധാനമന്ത്രിക്കു മേൽ പ്രസിഡന്‍റ് ട്രംപ് സമ്മർദം ചെലുത്തിയിരുന്നു.

ഞായറാഴ്ച മൗണ്ട് ടെമ്പിനു സമീപം കലാപം പൊട്ടിപുറപ്പെട്ട സാഹചര്യത്തിൽ പാലസ്ത്യൻ അധികൃതരുമായി ഇവിടം സന്ദർശിക്കുന്നത്, കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുവാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് നാഷണൽ സെക്യൂരിറ്റി കൗൺസിലിന്‍റെ നിർദേശ പ്രകാരം ഇന്‍റേണൽ സെക്യൂരിറ്റി മിനിസ്റ്ററും അറ്റോർണി ജനറലും ഇസ്രയേൽ പ്രധാന മന്ത്രിക്കു ഇങ്ങനെയൊരു ഉത്തരവിറക്കുവാൻ പ്രേരണ നൽകിയത്.

യുഎസ് കോൺഗ്രസ് അംഗങ്ങൾക്കു ഇസ്രയേൽ പ്രവേശനാനുമതി നിഷേധിച്ചതിനെതിരെ ഡമോക്രാറ്റിക് പാർട്ടിയും പലസ്തീനെ പിന്തുണയ്ക്കുന്നവരും പ്രതിഷേധവുമായി രംഗത്തെത്തി. ചില റിപ്പബ്ലിക്കൻ പ്രതിനിധികളും ഇവരോടൊപ്പം ചേർന്നിട്ടുണ്ട്.യുഎസ് കോൺഗ്രസിലേക്കു ആദ്യമായി മത്സരിച്ചു ജയിച്ചു അംഗങ്ങളായവരാണ് ഒമാറും റഷീദയും.

അതേമസയം രാഷ്ട്രീയ എതിരാളികളെ ശിക്ഷിക്കുന്ന നടപടികളാണ് പ്രസിഡന്‍റിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് ഡമോക്രാറ്റിക് പാർട്ടി ആരോപിച്ചു.