ജവഹർലാൽ നെഹ്റു ഇന്ത്യയുടെ ഐക്യം ഉൗട്ടിയുറപ്പിച്ച പ്രധാനമന്ത്രി: എം.എൻ. കാരശേരി
Friday, August 16, 2019 9:30 PM IST
ഹൂസ്റ്റൺ : സ്വാതന്ത്ര്യാനന്തരമുള്ള ആദ്യത്തെ പതിനേഴു വർഷത്തെ ജവഹർലാൽ നെഹ്റുവിന്‍റെ നേതൃത്വമായിരുന്നു ഇന്ത്യയെ ഒരു രാഷ്ട്രമായി നിലനില്ക്കാൻ സഹായിച്ചതെന്ന് പ്രഫ. എം.എൻ. കാരശേരി. സ്റ്റാഫോർഡിലെ ദേശി റസ്റ്ററന്‍റ് ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 13 ന് സംഘടിപ്പിച്ച സാംസ്കാരിക ചർച്ചാ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൂസ്റ്റൺ കേരള റൈറ്റേഴ്സ് ഫോറത്തിലെ . ജോണ്‍ തൊമ്മൻ അവതരിപ്പിച്ച ലഘു പ്രബന്ധ ചർച്ചയെ തുടർന്നു നടന്ന ചോദ്യങ്ങൾക്ക് മറുപടിയായിട്ടായിരുന്നു കാരശേരി മാസ്റ്ററുടെ പ്രഭാഷണം. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കം മുതലുള്ള വിവിധ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അദ്ദേഹം എടുത്തു പറഞ്ഞു. മുഗൾ ഭരണത്തിന്‍റെ തുടർച്ചയായി വന്ന ബ്രിട്ടീഷ് ഭരണം ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്, മുസ് ലീം ലീഗ്, ഹിന്ദു മഹാസഭ തുടങ്ങിയവരുടെ ചരിത്രം ഹൃസ്വമായി വിവരിച്ചു. ലോകമാസകലമുള്ള ഇന്നത്തെ ഏകാധിപത്യ പ്രവണതകളെ മറികടന്ന് ബൗദ്ധിക ജനാധിപത്യ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ഒരു സംവിധാനത്തിലേക്ക് ഇന്ത്യ മടങ്ങിവരുമെന്ന ആശ അദ്ദേഹം പ്രകടിപ്പിച്ചു. നേപ്പാളിലെ സെക്കുലർ സംവിധാനം ഉദാഹരണമായി എടുത്തു കാണിച്ചു.

മാത്യു നെല്ലിക്കുന്ന്, മാത്യു മത്തായി, ഈശോ ജേക്കബ്, ടെക്സാസ് സതേണ്‍ കലാശാലയിലെ പ്രഫ. മാരിയൻ ഹില്ലാർ, സലാസ് എബ്രഹാം, ഷാജി ജോണ്‍, സുനിൽ എബ്രഹാം, ജോണ്‍ മാത്യു, മലയാളി അസോസിയേഷൻ പ്രസിഡന്‍റ് മാർട്ടിൻ ജോണ്‍, നിർവാഹക സമിതിയംഗം മോൻസി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. തുടർന്നു കാരശേരി മലയാളി അസോസിയേഷന്‍റെ ഓഫീസിലും കേരള ഹൗസിലും ഹൃസ്വ സന്ദർശനവും നടത്തി.

റിപ്പോർട്ട്: എ.സി. ജോർജ്