ഇല്ലിനോയ്‌സ് അധ്യാപകരുടെ കുറഞ്ഞ ശമ്പളം 40000 ഡോളര്‍, ഗവര്‍ണര്‍ ഉത്തരവില്‍ ഒപ്പുവച്ചു
Friday, August 23, 2019 3:27 PM IST
സ്പ്രിംഗ്ഫീല്‍ഡ്(ഇല്ലിനോയ്‌സ്): ഇല്ലിനോയ് സംസ്ഥാനത്തെ പബ്ലിക് സ്‌കൂള്‍ കുറഞ്ഞ ശമ്പളം 40000 ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ജെ. ബി പ്രിറ്റസ്‌ക്കര്‍ ഓഗസ്റ്റ് 22 വ്യാഴാഴ്ച ഒപ്പുവച്ചു. ശമ്പള വര്‍ധനവിനുവേണ്ടി കാലങ്ങളായി പബ്ലിക്ക് സ്‌കൂളിലെ അധ്യാപകര്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരമാര്‍ഘങ്ങള്‍ സ്വീകരിച്ചിരുന്നു.

അധ്യാപകരെ ഞങ്ങള്‍ വിലമതിക്കുന്നു എന്നുള്ള സന്ദേശമാണ് ഈ ഒപ്പ് വെക്കലിലൂടെ തെളിയിച്ചിരിക്കുന്നത് ഗവര്‍ണര്‍ പറഞ്ഞു. ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബില്‍ ഡമോക്രാറ്റിക് പ്രതിനിധി കാത്തി സ്റ്റുവര്‍ട്ടാണ് പ്രതിനിധി സഭയുടെ അംഗീകാരത്തിനായി കൊണ്ടുവന്നത്.

ഘട്ടം ഘട്ടമായിട്ടാണ് ശമ്പളപരിഷ്‌ക്കരണം നടപ്പാക്കുക. പതിറ്റാണ്ടുകളായി ഉയര്‍ത്താതെ നിന്നിരുന്ന അധ്യാപകരുടെ ശമ്പളം 2020 - 21 കാലഘട്ടത്തില്‍ 32076 ഉം, 2021- 22 ല്‍ 34576 ഉം, 2022- 23 ല്‍ 37076 ഉം, 2023- 24 ല്‍ 40000 ഡോളറുമെന്ന നിലയിലാണ് വര്‍ധിപ്പിക്കുക.

ശമ്പള വര്‍ദ്ധനവ് പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധിപ്പിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. 500 മില്യണ്‍ ഡോളര്‍ അദ്ധ്യാപകരുടെ ശമ്പള വര്‍ധനവിനുവേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. അമേരിക്കയിലെ പ്രോപ്പര്‍ട്ടി ടാക്‌സ് ഏറ്റവും കൂടുതലുള്ളത് ന്യൂജേഴ്‌സിയിലാണ്. തൊട്ടടുത്തത് ഷിക്കാഗോയിലും. നിരവധി അധ്യാപകരുടെ തസ്തിക ഒഴിഞ്ഞു കിടപ്പുണ്ട്.

റിപ്പോര്‍ട്ട്:പി പി ചെറിയാന്‍