വാലി മലയാളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ഫോമാ വില്ലേജിന് ഒരു ഭവനം നല്കി മാതൃകയായി
Wednesday, October 9, 2019 7:38 PM IST
ലോസ് ആഞ്ചലസ്‌: അമേരിക്കൻ മലയാളികളുടെ അഭിമാനമായ ഫോമാ വില്ലേജ് പദ്ധതിയിലേക്ക് വാലി മലയാളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഒരു ഭവനം നൽകി മാതൃകയായി. ക്ലബിന്‍റെ കഴിഞ്ഞ വർഷത്തെ ഓണാഘോഷം ഒഴിവാക്കി സ്വരുക്കൂട്ടിയ പണമാണ് ഈ പദ്ധതിയിലേക്ക് സംഭാവനയായി നൽകിയത്. ഇതോടെ 13 വീടുകൾ പദ്ധതിയിലേക്ക് നൽകി എന്ന റിക്കാർഡ് ഖ്യാതിയോടെ ഫോമാ വെസ്റ്റേൺ റീജിയന് അഭിമാനിക്കാം

പ്രളയദുരിതക്കയത്തിൽ നിന്നും കരകയറുവാൻ, നമ്മുടെ നാടിന്‍റെ പുനഃനിർമിതിക്കായി ഞങ്ങളാലാവും വിധം ഒരു കൈ സഹായമായി ഇതിനെ കരുതിയാൽ മതിയെന്ന് വാലി മലയാളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്‍റ് മനു തുരുത്തിക്കാടൻ ചെക്ക് ഫോമാക്ക് കൈമാറിക്കൊണ്ട് അറിയിച്ചു. ഫോമാ വില്ലേജ് പദ്ധതിക്കുവേണ്ടി റീജൺ വൈസ് പ്രസിഡന്‍റും പദ്ധതിയുടെ നാഷണൽ കോഓർഡിനേറ്ററും കൂടിയായ ജോസഫ് ഔസോയും സാം ഉമ്മനും ചേർന്നു ഏറ്റുവാങ്ങി.

വാലി മലയാളി ആർട്സ് & സ്പോർട്സ് ക്ലബ് സെക്രട്ടറി ലോജോ ലോന, ട്രഷറർ സിന്ധു വർഗീസ്, ചാരിറ്റി കോഓർഡിനേറ്റർ മാത്യു വെട്ടുപുറത്ത്, എന്നിവർക്കൊപ്പം മറ്റു കമ്മിറ്റിയംഗങ്ങളും സംബന്ധിച്ചു.

വാലി ക്ലബ് നൽകുന്ന രണ്ടാമത്തെ വീടാണിത്, ആദ്യത്തെ വീട് സർക്കാരിന്‍റെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ടു നൽകുകയുണ്ടായി.

വാലി മലയാളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികളോടുള്ള ഫോമായുടെ പ്രത്യേകമായ നന്ദി പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്‌, വൈസ് പ്രസിഡന്‍റ് വിന്‍സെന്‍റ് ബോസ് മാത്യു, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്‌, ജോയിന്‍റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, പദ്ധതി ടീമംഗങ്ങളായ അനിയന്‍ ജോര്‍ജ്, ജോണ്‍ ടൈറ്റസ്, നോയല്‍ മാത്യു, ഉണ്ണികൃഷ്ണന്‍, ബിജു തോണിക്കടവില്‍, അനില്‍ ഉഴുന്നാല്‍ എന്നിവരും അറിയിച്ചു.

റിപ്പോർട്ട്:ബിജു തോമസ് പന്തളം