ടാമ്പാ സേക്രഡ്‌ ഹാർട്ട് ദേവാലയത്തിൽ ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി
Friday, October 11, 2019 8:36 PM IST
ടാമ്പാ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു . ഇടവകയുടെ പ്രധാന തിരുനാളായ തിരുഹൃദയ ദർശന തിരുനാളിനോട് അനുബന്ധിച്ച് ആയിരുന്നു ദശാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.

തിരുനാളിന്‍റെ പ്രധാന ദിനമായ ഒക്ടോബർ 6 നു നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ശേഷം ഷിക്കാഗോ സെന്‍റ് തോമസ് സീറോ മലബാർ രൂപതയുടെ ക്നാനായ റീജൺ പ്രഥമ വികാരി ജനറാൾ ഫാ എബ്രഹം മുത്തോലത്ത് ഭദ്രദീപം തെളിച്ച് ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഇടവകയുടെ പ്രഥമ കൈക്കാരന്മാരായ ബെന്നി വഞ്ചിപുരയും സാബു കുന്തമവും ഇപ്പോഴത്തെ കൈക്കാരന്മാരായ റെജി തെക്കനാട് ബിജോയ് മൂശാരിപറമ്പിൽ സജി കറുകകുറ്റിയിൽ എന്നിവർ ചേർന്ന് മറ്റു തിരികൾ തെളിയിച്ചു.

തിരുനാൾ കുർബാനയ്ക്ക് മുൻ വികാരി ഫാ. ജോസഫ് ശൈരൃമാക്കിൽ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. എബ്രഹം മുത്തോലത്ത് തിരുനാൾ സന്ദേശം നൽകി. വികാരി ഫാ മാത്യു മേലേടത്ത്, ഫാ. സലിം ചക്കുങ്ങൽ എന്നിവർ സഹകാർമികരായിരുന്നു.

2009ൽ ആണ് ടാമ്പായിൽ ക്നാനായ കത്തോലിക്കർക്കായി മിഷൻ സ്ഥാപിച്ചത്. ഫാ. എബി വടക്കേക്കര ആയിരുന്നു മിഷന്‍റെ പ്രഥമ ഡയറക്ടർ. 2010 മാർച്ചിൽ മിഷൻ സ്വന്തമായി ആയി ഒരു ദേവാലയം വാങ്ങി. 2010 ഓഗസ്റ്റ് ഒന്നിന് ഈ ദേവാലയം ഇടവകയായി ഉയർത്തി. ഫാ. ബിൻസ് ചേത്തലിൽ ഇടവകയുടെ പ്രഥമ വികാരി‌ ആയി. തുടർന്നു ഫാ. പത്രോസ് ചമ്പക്കര, ഫാ. ഡോമിനിക് മഠത്തിൽക്കളത്തിൽ, ഫാ. ജോസഫ് ശൈരൃമാക്കിൽ എന്നിവർ ഇടവകയിലെ വികാരിമാരായി പ്രവർത്തിച്ചു. 2016ൽ ഇടവക ദേവാലയം ഫെറോന ദേവാലയം ആയി ഉയർത്തപ്പെട്ടു. ഇടവകയിൽ ഏകദേശം മുന്നൂറോളം കുട്ടികൾ ഫ്രീ കെ മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള മതബോധന ക്ലാസുകളിൽ പഠിക്കുന്നു.

ഇടവകയിൽ ഈ വർഷത്തെ തിരുനാളിനോടനുബന്ധിച്ച് പുതിയതായി ആരംഭിച്ച ദർശന സമൂഹം , വിൻസെന്‍റ് ഡി പോൾ, ലീജിയൻ ഓഫ് മേരി, ലെ മിനിസ്ട്രി എന്നീ ഭക്തസംഘടനകൾ പ്രവർത്തിക്കുന്നു. ഇടവകയോടനുബന്ധിച്ച് 2016 മുതൽ വിസിറ്റേഷൻ സന്യാസ സമൂഹത്തിൻറെ ഒരു ഭവനവും പ്രവർത്തിക്കുന്നു. വികാരി ഫാ. മാത്യു മേലേടത്തിന്‍റെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങളുമായി ഇടവക സമൂഹം സജീവമായി മുൻപോട്ടു പോകുന്നു.

റിപ്പോർട്ട്: ജോസ്മോൻ തത്തംകുളം