കുടുംബത്തിലെ നാലു പേരെ വധിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ
Wednesday, October 16, 2019 4:16 PM IST
കലിഫോർണിയ: കുടുംബത്തിലെ രണ്ടു മുതിർന്നവരേയും രണ്ടു കുട്ടികളേയും കൊലപ്പെടുത്തിയ കേസിൽ പോലീസിൽ കീഴടങ്ങിയ ഇന്ത്യൻ വംശജൻ ശങ്കർ നാഗപ്പയെ (53) പോലീസ് അറസ്റ്റു ചെയ്തു.

കൊലപ്പെടുത്തിയ ഒരു പുരുഷന്‍റെ മൃതദേഹവുമായി 200 മൈൽ കാറോടിച്ചാണ് ശങ്കർ റോസ്‌വില്ല പോലീസ് സ്റ്റേഷനിൽ എത്തി പ്രതി കീഴടങ്ങിയത്. റോസ്‌വില്ല പോലീസ് ക്യാപ്റ്റൻ ജോഷ് സൈമനാണ് വിവരം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

പോലീസ് ചോദ്യം ചെയ്യുന്നതിനു മുമ്പു തന്നെ മറ്റു മൂന്നുപേരെ താമസിക്കുന്ന അപ്പാർട്ടുമെന്‍റിൽ കൊലപ്പെടുത്തിയതായി പ്രതി മൊഴി നൽകി. നാലുപേരേയും വധിച്ചത് ഒരാഴ്ചക്കു മുമ്പായിരിക്കാമെന്നാണ് പോലീസ് നിഗമനം. റോസ്‌വില്ലയിൽ നിന്നും ഒരാഴ്ച മുമ്പാണ് ഇയാളെ കാണാതായത്.മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയില്ല. അറസ്റ്റു ചെയ്ത പ്രതി ശങ്കർ നാഗപ്പയെ പ്ലേയ്സൺ കൗണ്ടി ജയിലിലടച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ