'എജ്യൂകേറ്റ് എ കിഡ്'പതിനാലാം വര്‍ഷത്തിലേക്ക്
Tuesday, October 22, 2019 12:41 PM IST
ലോസ് ആഞ്ചെലെസ് : കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ 'ഓം' മിന്റെ ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചെലെസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ആയ 'എജ്യൂകേറ്റ് എ കിഡ്' ധന സമാഹരണ വിരുന്നും, സേവനത്തിന്റെ പതിനാലാം വാര്‍ഷികവും ആഘോഷിക്കുന്നു. നവംബര്‍ രണ്ടിനു ലോസ് ആഞ്ചെലെസിലെ ലൈക് ഫോറെസ്റ്റിലുള്ള ഗോദാവരി സൗത്ത് ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വെച്ചാണ് ആഘോഷങ്ങള്‍. വൈകിട്ട് അഞ്ചു മുതല്‍ രാത്രി ഒന്‍പതു വരെ നടക്കുന്ന സംഗീത നൃത്ത പരിപാടികള്‍ മറ്റു സംസ്ഥാനക്കാര്‍ക്കും അമേരിക്കകാര്‍ക്കുമെല്ലാം ആസ്വദിക്കാനാവും വിധത്തിലുള്ളതായിരിക്കും.

ഒരു വ്യാഴവട്ടത്തിലധികമായി കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കാരായ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായമെത്തിക്കാന്‍ 'എജ്യൂകേറ്റ് എ കിഡി' നു കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. കേരളത്തിലെ നിരവധി മെഡിക്കല്‍, എഞ്ചിനീയറിഗ്, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ട്രസ്റ്റിന്റെ സഹായത്തോടെ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ നൂറ്റി അന്‍പത്തിനാല് വിദ്യാര്‍ത്ഥികളുടെ പഠനസഹായം ഏറ്റെടുത്തിട്ടുള്ള ട്രസ്റ്റ് ഈവര്‍ഷം കൂടുതല്‍ പേരിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിലാണെന്നും, പരിപാടിയിലേക്കുള്ള സംഭാവനകള്‍ക്കു നിയമാനുസരണമുള്ള നികുതിയിളവ് ലഭിക്കുന്നതായിരിയ്ക്കുമെന്നും ട്രസ്റ്റ് ചെയര്‍ ഡോ.ശ്രീദേവി വാര്യര്‍ അറിയിച്ചു.


യുഎസ്ടി ഗ്ലോബല്‍, സ്‌പെരിടിയന്‍ ടെക്‌നോളജി, റെക്കറിംഗ് ഡെസിമല്‍സ്, സിഗ്‌നേച്ചര്‍ അമേരിക്ക, ബല്‍ബീര്‍ സിംഗ്, മാത്യു തോമസ്, തണ്ടൂര്‍ കുസിന്‍ ഓഫ് ഇന്ത്യ എന്നിവരാണ് ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രധാന പ്രായോജകര്‍. ഐടി രംഗത്തെ പ്രമുഖരായ ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികളും പരിപാടിയുമായി സഹകരിക്കാറുണ്ട്. ധനസമാഹരണം വന്‍ വിജയമാക്കുന്നതിനും ഈ വര്‍ഷം കൂടുതല്‍ പേരിലേക്ക് പഠന സഹായമെത്തിക്കുന്നതിനും എല്ലാവരും സഹകരിക്കണമെന്ന് സംഘടകസമിതിക്കുവേണ്ടി വിനോദ് ബാഹുലേയന്‍, രവി വെള്ളത്തിരി, സുനില്‍ രവീന്ദ്രന്‍, ശ്രീദേവി വാര്യര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9492648291 അല്ലെങ്കില്‍ www.educateakid.org സന്ദര്‍ശിക്കുക. [email protected] എന്ന ഇമെയില്‍ വഴി സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സാന്റി പ്രസാദ്